മൈക്രോ ഫിനാൻസ് തട്ടിപ്പിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു നേരിട്ടു പങ്കെന്ന് വിജിലൻസ്

173

തിരുവനന്തപുരം∙ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു നേരിട്ടു പങ്കെന്ന് വിജിലൻസ്. പിന്നാക്ക കോർപറേഷനു നൽകിയത് വ്യാജ വിനിയോഗ സർട്ടിഫിക്കറ്റാണ്. ഒരേ വിനിയോഗ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മൂന്നു സംഘങ്ങൾക്ക് പണം അനുവദിച്ചു. ഒരു സംഘത്തിനുതന്നെ ഒന്നിലേറെ തവണ പണം നൽകി. ഇല്ലാത്ത സംഘങ്ങളുടെ പേരിലും പണം അനുവദിച്ചു. സംഘങ്ങൾ അടച്ച തുക പിന്നാക്ക കോർപറേഷനിൽ തിരിച്ചടച്ചില്ല. ക്രമക്കേട് അറിഞ്ഞിട്ടും പിന്നാക്ക കോർപറേഷനിലെ ഉദ്യോഗസ്ഥർ വീണ്ടും പണം അനുവദിച്ചതായും വിജിലൻസ്‌ പ്രത്യേക കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. തട്ടിപ്പിൽ പങ്കുണ്ടെന്നതിനു വെള്ളാപ്പള്ളിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.

തട്ടിപ്പു കേസിൽ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുത്തിട്ടുള്ളത്. ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങൾ ചുമത്തിയാണു കേസ്. വെള്ളാപ്പള്ളി ഉൾപ്പെടെ അഞ്ചു പേരാണു പ്രതിപ്പട്ടികയിലുള്ളത്. യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ, മൈക്രോ ഫിനാൻസ് പദ്ധതി കോ–ഓർഡിനേറ്റർ കെ.കെ.മഹേശൻ, പിന്നാക്ക വികസന കോർപറേഷൻ മുൻ എംഡി: എൻ.നജീബ്, ഇപ്പോഴത്തെ എംഡി: ദിലീപ്കുമാർ എന്നിവരാണ് മറ്റുളളവർ. സംസ്ഥാന പിന്നാക്ക വികസന കോർപറേഷനിൽ നിന്നു കുറഞ്ഞ പലിശയ്ക്കു വായ്പയെടുത്ത ശേഷം കൂടിയ പലിശയ്ക്കു സമുദായ അംഗങ്ങൾക്കു നൽകി തട്ടിപ്പു നടത്തിയെന്നതാണു കേസ്.

മൈക്രോ ഫിനാൻസ് നടത്തിപ്പിൽ കോടികളുടെ അഴിമതിയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു വി.എസ്.അച്യുതാനന്ദനാണു കോടതിയിൽ നേരിട്ടു പരാതി നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു.