മാനേജ്മെന്റുകള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ അവസരമൊരുക്കിയതു സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്‍റെ ശോഭ കെടുത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍

176

കൊല്ലം • സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ അവസരമൊരുക്കിയതു മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ ശോഭ കെടുത്തിയെന്ന് എസ്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മെറിറ്റ് സീറ്റില്‍ കുറഞ്ഞ ഫീസില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം കിട്ടാന്‍ അവസരമൊരുക്കിയതു ഭരണപക്ഷത്തിനു കയ്യടി നേടാന്‍ അവസരമൊരുക്കിയെങ്കിലും പകരം മാനേജ്മെന്റ് സീറ്റുകളില്‍ ഫീസ് കൂട്ടാന്‍ നല്‍കിയ അനുമതി അതിരുകവിഞ്ഞു പോയി.അതുവഴി പ്രവേശനത്തില്‍ കോഴയില്ലാതാക്കാമെന്നു സര്‍ക്കാര്‍ കരുതിയെങ്കിലും അതൊരുവസരമായി കണ്ടു കൂടുതല്‍ വലിയ കോഴയാണു മാനേജ്മെന്റുകള്‍ ഈടാക്കുന്നത്.കൊല്ലങ്ങളായി കോടിക്കണക്കിനു രൂപ കോഴ വാങ്ങിക്കൊണ്ടിരിക്കുന്ന മാനേജ്മെന്റുകള്‍ ഇനിയെങ്കിലും അതു നിര്‍ത്തണം. സ്വാശ്രയത്തിന്റെ പേരില്‍ നിയമസഭയിലും പുറത്തും പ്രതിപക്ഷം നടത്തുന്ന സമരം അതിരുകവിഞ്ഞതാണ്.അധികാരത്തിലിരുന്നപ്പോള്‍ സഭയ്ക്കകത്തു സമരം പാടില്ലെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നും പറഞ്ഞ യുഡിഎഫ് ഭരണം നഷ്ടമായപ്പോള്‍ അതിനു വിരുദ്ധമായിട്ടാണു പ്രവര്‍ത്തിക്കുന്നത്. കടന്നാക്രമിക്കാന്‍ കിട്ടിയ വടി, പ്രതിപക്ഷം പ്രയോജനപ്പെടുത്തുന്ന കാഴ്ചയാണുള്ളത്. ചര്‍ച്ചയിലൂടെ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനും ജനങ്ങള്‍ക്കു സ്വൈരജീവിതം ഉറപ്പാക്കാനും ഭരണപക്ഷവും പ്രതിപക്ഷവും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.