പ്രതിരോധരഹസ്യം വരുണ്‍ഗാന്ധി ചോര്‍ത്തിയെന്ന് ആരോപണം

239

ന്യൂഡല്‍ഹി: പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാരന്‍ അഭിഷേക് വര്‍മയ്ക്കും ആയുധക്കടത്തുകാര്‍ക്കും ബി.ജെ.പി. എം.പി. വരുണ്‍ഗാന്ധി പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപണം. സ്ത്രീകളെ ഉപയോഗിച്ച്‌ കുടുക്കില്‍പ്പെടുത്തിയാണ് ഇദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് ആരോപണം. ഇക്കാര്യം വെളിപ്പെടുത്തി ന്യൂയോര്‍ക്കിലുള്ള അഭിഭാഷകനായ എഡ്മണ്ട്സ് അലെന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞമാസം കത്തെഴുതിയതായാണ് ആരോപണം. ഇടനിലക്കാരന്‍ വര്‍മയുടെ പങ്കാളിയായിരുന്നു അലെന്‍. സ്വരാജ് അഭിയാന്‍ രാഷ്ട്രീയപ്പാര്‍ട്ടി അംഗങ്ങളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്രയാദവ് എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ആരോപണം ഉന്നയിച്ചത്. പ്രതിരോധകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഡിഫന്‍സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമാണ് വരുണ്‍. എന്നാല്‍ ആരോപണം വരുണ്‍ പൂര്‍ണമായും നിഷേധിച്ചു.
എഡ്മണ്ട്സ് അലെന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞമാസം എഴുതിയ കത്തും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
ആരോപണം നിഷേധിച്ച വരുണ്‍, 2004-ല്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതുമുതല്‍ തനിക്ക് വര്‍മയുമായി ബന്ധമില്ലെന്നുപറഞ്ഞു. ഭൂഷണും യാദവിനുമെതിരെ മാനനഷ്ടക്കേസുകൊടുക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
വര്‍മയുടെ പങ്കാളിയായിരുന്ന അലെന്‍ 2012-ല്‍ അദ്ദേഹവുമായി പിരിഞ്ഞു. നാവികസേനയുടെ സുപ്രധാനരേഖകള്‍ ചോര്‍ത്തിയ നേവല്‍ വാര്‍റൂം കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടുകയാണ് വര്‍മ.
വരുണുമായി ബന്ധപ്പെട്ട വിവരങ്ങളടക്കമുള്ള വിശദാംശങ്ങളുമായാണ് പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, സി.ബി.ഐ., ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ക്ക് അലെന്‍ കത്തെഴുതിയിരിക്കുന്നത്. അഴിമതിക്കറ പുരണ്ടിട്ടും തെയ്ല്‍സ് കമ്ബനിയെ ബി.ജെ.പി. സര്‍ക്കാര്‍ എന്തുകൊണ്ടാണ് കരിമ്ബട്ടികയില്‍പ്പെടുത്താത്തതെന്ന് ഭൂഷണ്‍ ചോദിച്ചു. ‘സ്കോര്‍പ്പീന്‍ മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്ന കമ്ബനിയാണ് തെയ്ല്‍സ്. ഈ കമ്ബനിയെ ഫ്രഞ്ച് കമ്ബനിയായ ദസോള്‍ട്ട് ഏറ്റെടുത്തു. ദസോള്‍ട്ടില്‍നിന്ന് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ അടുത്തിടെ കരാറായിരുന്നു. തെയ്ല്‍സിനെതിരെ എടുക്കുന്ന ഏതുനടപടിയും റഫാല്‍ ഇടപാടിനെ ബാധിക്കും. 126 വിമാനങ്ങള്‍ വാങ്ങുമെന്ന് പറഞ്ഞിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 36 എണ്ണം ഓരോന്നിനും ഇരട്ടിവിലകൊടുത്തു വാങ്ങുന്നത്. ഈ ഇടപാടില്‍ എന്തോ കള്ളത്തരം മണക്കുന്നില്ലേ’യെന്ന് ഭൂഷണ്‍ ചോദിച്ചു.

NO COMMENTS

LEAVE A REPLY