അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് വി എസ് അച്യുതാനന്ദന്‍

238

കോഴിക്കോട്: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് ഭരണ പരിഷ്ക്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. പ്രമുഖ ആഴ്ചപ്പതിപ്പിനു അനുവദിച്ച അഭിമുഖത്തിലാണ് വി എസ് തന്റെ നിലപാടു വ്യക്തമാക്കിയത്. ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണ് കേരളത്തിന്റെ വൈദ്യുത ഉത്പാദനം നടക്കുന്നതെന്നും ജലവും നദിയും ഉള്ളിടത്തോളം കാലം മാത്രമേ നമുക്ക് ഈ സ്രോതസിനെ ഊര്‍ജ്ജോല്‍പ്പാദനത്തിനായി ആശ്രയിക്കാനാകൂവെന്നും വിഎസ് ചൂണ്ടികാട്ടി. കേരളത്തില്‍ രണ്ടു മുന്നണികളും ഓരോ ഘട്ടത്തില്‍ അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ ഗുരുതരമായ പാരിസ്ഥിതികാവസ്ഥ കൂടി കണക്കിലെടുത്ത് അതിരപ്പിള്ളി പദ്ധതിയല്ല നമുക്ക് അനുയോജ്യമെന്നാണ് അഭിമുഖത്തില്‍ വി എസ് പറയുന്നത്. അതിരപ്പിള്ളി പദ്ധതിയെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുള്ള ഘട്ടത്തിലെല്ലാം ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും വിദഗ്ദരും അതിന്റെ ദുരന്തഫലങ്ങള്‍ ചൂണ്ടി കാട്ടിയിട്ടുണ്ട്. പദ്ധതിയുടെ കാര്യത്തില്‍ ഇടതുപക്ഷ മുന്നണിയിലും സമവായമുണ്ടാകേണ്ടതുണ്ടെന്നും വിഎസ് പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എം നേതൃത്വത്തെയും പ്രതിരോധത്തിലാക്കുന്നതാണ് വി എസിന്റെ ഈ നിലപാട്. സി പി ഐക്ക് ആകട്ടെ വി എസ് തന്നെ എതിര്‍പ്പുമായി രംഗത്തു വന്ന സാഹചര്യത്തില്‍ ഇനി ഇടതു മുന്നണിക്കകത്തും പുറത്തും ശക്തമായ നിലപാടു സ്വീകരിക്കാന്‍ ഒരു ബലവുമായി.

NO COMMENTS

LEAVE A REPLY