വി.എസിന് ഓഫീസ് ബാര്‍ട്ടണ്‍ ഹില്‍ പൈതൃക ബംഗ്ലാവില്‍

175

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ വി.എസ്. അച്യുതാനന്ദന്‍റെ ഓഫീസ് നിശ്ചയിച്ചിരിക്കുന്നത് പൈതൃക ബംഗ്ലാവായി പ്രഖ്യാപിക്കപ്പെട്ട ബാര്‍ട്ടണ്‍ ഹില്‍ ഐ.എം.ജി. സമുച്ചയത്തില്‍.
പൈതൃക ബംഗ്ലാവില്‍ ഭരണപരിഷ്കാര കമ്മിഷന് ഓഫീസ് അനുവദിക്കുന്നതിലുള്ള വിയോജിപ്പുകളും തനിക്ക് സെക്രട്ടേറിയറ്റിനു പുറത്ത് ഓഫീസ് നല്‍കിയതില്‍ വി.എസിനുള്ള അനിഷ്ടവും വകവയ്ക്കാതെയാണു തീരുമാനം.
കഴിഞ്ഞ ജനുവരിയില്‍ ബാര്‍ട്ടണ്‍ ഹില്‍ ബംഗ്ലാവിനു പൈതൃകപദവി നല്‍കുന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ വി.എസ്. അച്യുതാനന്ദനും പങ്കെടുത്തിരുന്നു. അതോടൊപ്പം എക്സിക്യൂട്ടിവ് ഹോസ്റ്റലും ഉദ്ഘാടനം ചെയ്തിരുന്നു. പരിശീലനത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയാണിത്.എല്ലാ മേഖലയിലും സമൂല മാറ്റങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ അതിന് ഉചിതമായ തരത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ വിപുലമായ സംവിധാനം ഉണ്ടാകണമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ആ സംവിധാനത്തിന്‍റെ ഭാഗമായ കെട്ടിടം തന്നെ വി.എസിന് ഓഫീസായി ലഭിച്ചിരിക്കുന്നു. കേരളത്തിന്‍റെ മുഖ്യ വാസ്തുശില്‍പ്പിയായിരുന്ന ബാര്‍ട്ടണ്‍ സായിപ്പിന്‍റെ ഭവനമായിരുന്ന ബാര്‍ട്ടണ്‍ ബംഗ്ലാവ് പൈതൃക സ്വഭാവം ഒട്ടും ചോരാതെയാണ് പുനരുദ്ധരിച്ചത്. അതിനായി കോടിക്കണക്കിന് രൂപ ചെലവിട്ടു. നാനൂറു പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഓപ്പണ്‍ ഓഡിറ്റോറിയം, നീന്തല്‍ക്കുളം, കൂറ്റന്‍ മഴവെള്ള സംഭരണി, കായികാഭ്യാസത്തിനുള്ള സജ്ജീകരണങ്ങള്‍ എന്നിവ ഈ കെട്ടിട സമുച്ചയത്തിലുണ്ട്. 30 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന സോളാര്‍ പാനലുകളും സ്ഥാപിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY