വിജിലന്‍സ് കേസുകളില്‍നിന്ന് കെ.എം.മാണിയെ രക്ഷിക്കുന്നതിനുവേണ്ടി കേസെടുത്തവര്‍തന്നെ അഭിഭാഷകനേയും ഏര്‍പ്പാടാക്കി: മുരളീധരന്‍

189

തിരുവനന്തപുരം • വിജിലന്‍സ് കേസുകളില്‍നിന്ന് കെ.എം.മാണിയെ രക്ഷിക്കുന്നതിനുവേണ്ടി പിണറായി വിജയന്റെ വിശ്വസ്തനായ അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ ഹാജരായതോടെ, ഇതിനുപിന്നില്‍ അരങ്ങേറിയ ഗൂഢാലോചന വെളിച്ചത്തുവന്നിരിക്കുകയാണെന്നു വി.മുരളീധരന്‍. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പിണറായി വിജയന്‍ നല്‍കുന്ന വ്യക്തമായ സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.അന്തകനായി പ്രത്യക്ഷപ്പെടുകയും രക്ഷകനായി അവതരിക്കുകയും ചെയ്ത് മാണിയേയും കേരളാ കോണ്‍ഗ്രസിനേയും ഹൈജാക്ക് ചെയ്ത് എല്‍ഡിഎഫിലേക്ക് കൊണ്ടുപോകാനുള്ള തിരക്കഥയാണ് ഇതിനെല്ലാം പിന്നിലുള്ളത്. തന്റെ നിയമോപദേഷ്ടാവായി എം.കെ.ദാമോദരനെ പിണറായി വിജയന്‍ നിയമിച്ചിരുന്നു.ഇതിനെതിരേ ശക്തമായ വിമര്‍ശനങ്ങളുണ്ടായിട്ടും തന്റെ വിശ്വസ്തനായ എം.കെ.ദാമോദരനെ തള്ളിപ്പറയാന്‍ പിണറായി വിജയന്‍ തയാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായിരിക്കെതന്നെ സര്‍ക്കാരിനെതിരായ കേസുകളില്‍ എം.കെ.ദാമോദരന്‍ ഹാജരാകുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് അന്ന് പിണറായി വിജയന്‍ സ്വീകരിച്ചത്.
കൊടിയ അഴിമതിക്കാരനെന്നു പറഞ്ഞ് തിരഞ്ഞെടുപ്പുകാലത്തുടനീളം വ്യാപകമായ പ്രചാരണം നടത്തി ജനങ്ങളുടെ വോട്ട് നേടിയ ശേഷം അധികാരത്തിലിരുന്ന് മാണിയെ ഒപ്പം കൂട്ടാനുള്ള സിപിഎമ്മിന്റെ കുതന്ത്രമാണ് ഇതിനു പിന്നിലുള്ളത്. മാണിക്കെതിരേ കേസെടുത്തവര്‍തന്നെ അദ്ദേഹത്തെ ആ കേസില്‍നിന്നു രക്ഷപ്പെടാന്‍ അഭിഭാഷകനേയും ഏര്‍പ്പാടാക്കി കൊടുക്കുന്ന വിചിത്രമായ സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. അഴിമതിക്കെതിരെ എന്നപേരില്‍ നിയന്ത്രണമില്ലാതെ മുന്നേറിയാല്‍ കടിഞ്ഞാണിടാന്‍ താന്‍ മടിക്കില്ലെന്ന സന്ദേശമാണ് പിണറായി വിജയന്‍ ഈ നടപടിയിലൂടെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണ വിഷയമായിരുന്നു കെ.എം.മാണിയുടെ നേതൃത്വത്തില്‍ നടന്ന ബാര്‍കോഴ അഴിമതി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലേറിയ ഉടന്‍ അതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി മാണിയോട് മൃദുസമീപനം എന്ന നിലയിലേക്ക് സിപിഎം എത്തി. യുഡിഎഫില്‍നിന്നു പുറത്തുപോയ മാണിയെ ഇടതു മുന്നണിയിലേക്കു കൊണ്ടുവരാന്‍ പിണറായി വിജയന്റെ ആശിര്‍വാദത്തോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍തന്നെ നേരിട്ട് രംഗത്തിറങ്ങിയിരുന്നു. പ്രശ്നാധിഷ്ഠിത സഹകരണമാകാമെന്ന് കോടിയേരി പറഞ്ഞതിലൂടെ മുന്നണിയിലേക്കുള്ള വാതില്‍ അടഞ്ഞിട്ടില്ലെന്ന സന്ദേശമാണ് നല്‍കിയത്. ഇപ്പോള്‍ തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ അഭിഭാഷകനെ തന്നെ കേസ് വാദിക്കാനായി മാണിക്ക് വിട്ടുകൊടുത്തതിലൂടെ ഇക്കാര്യത്തില്‍ പിണറായി വിജയന്റെ ലക്ഷ്യമെന്തെന്ന് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. ഹൈക്കോടതി പ്ലീഡര്‍മാരില്‍ ഭൂരിഭാഗം പേരെയും നിയമിച്ചത് എം.കെ.ദാമോദരനാണെന്നിരിക്കേ ഈ കേസില്‍ സര്‍ക്കാരിനുവേണ്ടി വാദിക്കുന്ന പ്ലീഡര്‍ കേസ് തോറ്റുകൊടുത്താലും അത്ഭുതപ്പെടാനില്ല. മാണിയെ രക്ഷിച്ചെടുത്ത് മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ തുടക്കമാണ് ഈ നീക്കമെന്നും മരളീധരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY