തെരുവുനയ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം എന്ന മനേകാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ വി മുരളിധരന്‍

174

തിരുവനന്തപുരം: തെരുവുനയ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം എന്ന മനേകാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ബി ജെ പി നേതാവ് വി മുരളിധരന്‍. ഒരു പൗര എന്ന നിലയില്‍ തെരുവുനായ ആക്രമണത്തെക്കുറിച്ച്‌ അഭിപ്രായം പറയാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്. പക്ഷേ താങ്കളുടെ വകുപ്പിനു കീഴില്‍വരാത്ത ഒരു പ്രശ്നത്തില്‍ കാപ്പ ചുമത്തണം എന്നു കേരളത്തിലെ ഡി. ജി പിയോടു പറയാന്‍ താങ്കള്‍ക്ക് അവകാശം ഇല്ലെന്ന് ഓര്‍മിപ്പിക്കട്ടെ. അതുകൊണ്ട് ഇത്തരം പ്രസ്താവനകളില്‍ നിന്നും പിന്മാറണം എന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നു കത്തിലൂടെ മുരളിധരന്‍ പറയുന്നു. തെരുവുനായ്ക്കളെ സ്വയം രക്ഷയ്ക്കു കൊല്ലുന്നവര്‍ക്കെതിരെ കൊടും കുറ്റവാളികള്‍ക്കുമേല്‍ ചുമത്തുന്ന കാപ്പനിയമം ചുമത്തണം എന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഇത്തരം പ്രസ്താവനകള്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള താങ്കള്‍ക്കൂടി ഉള്‍പ്പെടുന്ന സര്‍ക്കാരിന്‍റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനും കേരളത്തിലെ ജനങ്ങളെ ബി ജെ പിയില്‍ നിന്ന് അകറ്റാനും മാത്രമെ ഉപകരിക്കു.
കേന്ദ്രസര്‍ക്കാരില്‍ ശിശുക്കളുടേയും വനിതകളുടേയും ക്ഷേമത്തിനായുള്ള മന്ത്രിയാണല്ലൊ താങ്കള്‍. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനു കുട്ടികളാണു കേരളത്തിലെ തെരുവുനായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. തെരുവുനായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയോ അക്കാര്യത്തില്‍ സംസ്ഥാനത്തിന്‍റെ റിപ്പോര്‍ട്ട് തേടാനോ തയാറാകതെ കുട്ടികളെ ആക്രമിക്കുന്ന തെരുവുനായകളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തും എന്നു പറയുന്നതു ശരിയല്ല എന്നും മുരളിധരന്‍ കത്തിലൂടെ സൂചിപ്പിച്ചു.

NO COMMENTS

LEAVE A REPLY