സര്‍വ്വകക്ഷി സംഘത്തിന് കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നിഷേധിച്ചത് പ്രധാനമന്ത്രിയുടെ അല്‍പ്പത്തം മൂലമെന്ന് വി.എം.സുധീരന്‍

176

ന്യൂഡല്‍ഹി: സര്‍വ്വകക്ഷി സംഘത്തിന് കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നിഷേധിച്ചത് പ്രധാനമന്ത്രിയുടെ അല്‍പ്പത്തം മൂലമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. പ്രധാനമന്ത്രി സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
വളരെ വിശാല മനസ്സോടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവരെ പോലും കാണാനും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാനും ബാധ്യതപ്പെട്ട പ്രധാനമന്ത്രി ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആ സംസ്ഥാനത്തെ കക്ഷി നേതാക്കള്‍ ഇവരുള്‍പ്പെട്ട സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ കാണാന്‍ പോലും കൂട്ടാക്കുന്നില്ല എന്നുള്ളത് കേരളത്തോട് കാണിച്ച തികഞ്ഞ ധിക്കാരമാണ്. അദ്ദേഹത്തിന്റെ മനസ്സ് എത്രമാത്രം ഇടുങ്ങിയതാണെന്ന് ഇത് തെളിയിക്കുന്നു. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ സമീപനം തികച്ചും അല്‍പ്പത്തരമായിപ്പോയി എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഈ സമീപനത്തിനെതിരെ ശക്തമായ അമര്‍ഷവും പ്രതിഷേധവും അറിയിക്കുന്നു. ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിച്ച് കൊണ്ട് ഇന്നേവരെ ഒരു പ്രധാനമന്ത്രിയും കാണിക്കാത്ത സമീപനമാണ് നരേന്ദ്ര മോദി കേരളത്തോട് കാണിച്ചത്. ഇത് അനീതിയാണ്, അവഹേളനമാണ്. ഇത്തരത്തിലുള്ള ഒരു പ്രധാനമന്ത്രിയെക്കുറിച്ച് രാജ്യവും ജനങ്ങളും ലജ്ജിക്കുന്നു. ഇതിന് മോദി ജനങ്ങളോട് കണക്ക് പറയേണ്ടി വരും. രാഷ്ട്രീയ അടിമത്വം സ്വീകരിച്ച സംസ്ഥാനത്തെ ബിജെപി ഘടകത്തിന് ജനവികാരം മാനിച്ച് മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ വെറും ദല്ലാളായി അവര്‍ മാറിയിരിക്കുകയാണെന്നും വി.എം.സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY