ജനങ്ങളെ ദുരിതത്തിലാക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം മത്സരിക്കുകയാണെന്ന് വി.എം.സുധീരന്‍

174

വേണ്ടത്ര മുന്നൊരുക്കം കൂടാതെ നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്രമോഡി സര്‍ക്കാരും സംസ്ഥാനത്തെ റേഷന്‍ വിതരണം തകരാറിലാക്കിയ പിണറായി വിജയന്‍ സര്‍ക്കാരും ജനങ്ങളെ ദുരിതത്തിലാക്കുന്നതില്‍ പരസ്പരം മത്സരിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാനതലത്തിലുള്ള രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയക്ക് മുന്നില്‍ ഡി.സി.സി.യുടെ ആഭിമുഖ്യത്തില്‍ നടന്ന ജനകീയപ്രതിഷേധകൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുക ആയിരുന്നു സുധീരന്‍.

കള്ളപ്പണം പിടിക്കേണ്ടത് ആവശ്യമാണ്. കോണ്‍ഗ്രസ് അതിന് എല്ലാ പിന്തുണയും നല്‍കും. എന്നാല്‍ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഫലമായി സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് ആവശ്യമായ മുന്‍കരുതലും ക്രമീകരണവും സജ്ജീകരിക്കാതെ ജനങ്ങളെ വലയ്ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഈ ദുരവസ്ഥ തരണം ചെയ്യുന്നതിന് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ജനങ്ങളെ എങ്ങനെ ദുരിതത്തിലാക്കാമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഗവേഷണം നടത്തുകയാണ്. മാതൃകപരമായ റേഷനിംഗ് സംവിധാനം ഉണ്ടായിരുന്ന സംസ്ഥാനമാണ് കേരളം. ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുമ്പോള്‍ അതിനാവശ്യമായ തയ്യാറെടുപ്പുകള്‍ ഫലപ്രദമായി നടത്താതെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയതാണ് ഇപ്പോള്‍ റേഷന്‍ സംവിധാനത്തിലെ സ്തംഭനാവസ്ഥയ്ക്ക് ഇടവന്നതെന്നും സുധീരന്‍ പറഞ്ഞു.സംസ്ഥാനത്തിന്റെ പ്രത്യേക പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് അതിന് പരിഹാരം ഉണ്ടാകുന്നതിന് മുഖ്യമന്ത്രിയുടേയോ വകുപ്പ് മന്ത്രിയുടേയോ ഭാഗത്ത് നിന്നും ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ല.

ലിസ്റ്റ് സംബന്ധിച്ച് 13 ലക്ഷം പരാതികളാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. ബി.പി.എല്‍. കാര്‍ഡ് ഉണ്ടായിട്ടും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പരാതി വ്യാപകമായിരിക്കുകയാണ്. ഇത്തരം പരാതികളില്‍ താഴെത്തട്ടില്‍ തീര്‍പ്പാക്കി പരിഹാരം ഉണ്ടാക്കാന്‍ ഇനിയും വൈകരുത്. ജനങ്ങള്‍ക്ക് ലഭിക്കേണ്ട റേഷനരിവച്ച് രാഷ്ട്രീയം കളിക്കാന്‍ സംസ്ഥാനസര്‍ക്കാരിനെ അനുവദിക്കില്ല. തങ്ങളുടെ തങ്ങളുടെ കടമനിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാനസര്‍ക്കാര്‍ സങ്കുചിതമായ രാഷ്ട്രീയം പറഞ്ഞ് തടിപ്പാനാണ് ശ്രമിക്കുന്നത്. മണ്ണെണ്ണ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് യാതൊരുന്യായീകരണവുമില്ലെന്നും സുധീരന്‍ ചോദിച്ചു. വെട്ടിക്കുറച്ച അരിവിഹിതവും വിഹിതവും, മണ്ണെണ്ണ വിഹിതവും പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സര്‍വ്വകക്ഷി സംഘത്തെ കേന്ദ്രസര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അയക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ എം.എല്‍.എ. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത് ചന്ദ്ര പ്രസാദ്, ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള എന്നിവരും സംസാരിച്ചു.

NO COMMENTS

LEAVE A REPLY