ഏകാധിപത്യശൈലിയുടെ പാരമ്യത്തിലാണ് മുഖ്യമന്ത്രിയെന്നു വി.എം. സുധീരന്‍

156

ഒരു ഭരണാധികാരിക്ക് എത്രത്തോളം ഏകാധിപത്യശൈലി സ്വീകരിക്കാമോ അതിന്റെ പാരമ്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.യു.ഡി.എഫ്. നടത്തിവരുന്ന സ്വാശ്രയ ഫീസ് വര്‍ദ്ധനവിനെതിരെയുള്ള സമരം നീണ്ടുപോകാനിടയായത് മുഖ്യമന്ത്രിയുടെ ഈ സമീപനം മൂലമാണ്. ഫീസ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയത് തലവരിപ്പണം പിരിക്കുന്നത് നിര്‍ത്തല്‍ ചെയ്യാനാണെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കപ്പെട്ടു. കരാറില്‍ ഏര്‍പ്പെട്ടതിനാല്‍ ഫീസ് കുറയ്ക്കാനാവില്ലെന്ന വാദം ചില മാനേജുമെന്റുകള്‍ തന്നെ പൊളിച്ചു.
യു.ഡി.എഫ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ തികച്ചും ന്യായമാണെന്ന് ഏവര്‍ക്കും ബോധ്യപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. സമരം ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്ന ഘട്ടത്തില്‍ആ ശ്രമങ്ങളെ അട്ടിമറിച്ചത് പ്രശ്‌നപരിഹാരത്തിനു ശ്രമിക്കേണ്ട മുഖ്യമന്ത്രി തന്നെയാണെന്നത് ഏറെ വിചിത്രമാണ്.സര്‍ക്കാരിനെതിരെയുള്ള ഈ സമരം ശക്തമായി മുന്നോട്ടുപോകും. നാളെ നടക്കുന്ന യുവജന മാര്‍ച്ചും ഒക്ടോബര്‍ 6ന് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും നടക്കുന്ന മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുന്നതിന് എല്ലാ ജനാധിപത്യവിശ്വാസികളോടും സുധീരന്‍ അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY