ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ രാജി വയ്ക്കണം : വി.എം.സുധീരന്‍

198

സ്വാശ്രയ കോളേജുകളില്‍ തലവരിപ്പണം വാങ്ങുന്നത് സംബന്ധിച്ച് നിയമസഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്ത ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ ധാര്‍മ്മികമായ അവകാശമില്ലെന്നും അവര്‍ ആ സ്ഥാനം രാജി വയ്ക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. സ്വാശ്രയ കോളേജില്‍ തലവരിപ്പണം വാങ്ങുന്നത് സമ്പൂര്‍ണ്ണമായി നിര്‍ത്തലാക്കിയെന്നാണ് നേരത്തെ അരോഗ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയത്. വന്‍ഫീസ് വര്‍ധനവിന് ഇടവരുത്തിയ ഇപ്പോഴത്തെ കരാറിനെ അവര്‍ ന്യായികരിച്ചതും അത് ചൂണ്ടിക്കാട്ടിയാണ്. എന്നാല്‍ അതേ ആരോഗ്യമന്ത്രിക്ക് തന്നെ ഇന്ന് സ്വാശ്രയ മനേജ്‌മെന്റുകള്‍ തലവരിപ്പണം വാങ്ങാറുണ്ടാകാമെന്ന് നിയമസഭയില്‍ സമ്മതിക്കേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. ഈ യാഥാര്‍ത്ഥ്യം മന:പൂര്‍വ്വം മറച്ചുവെച്ചുകൊണ്ടാണ് തലവരിപ്പണം വാങ്ങുന്നത് നിര്‍ത്തലാക്കിയെന്ന് നേരത്തെ അവര്‍ പറഞ്ഞത്. ഇത്തരത്തില്‍ പച്ചക്കളം നിയമസഭയില്‍ പറഞ്ഞ ഒരു മന്ത്രിക്ക് എങ്ങനെ അധികാരത്തില്‍ തുടരാനാകും.
സ്വാശ്രയ കോളേജുകളില്‍ തലവരിപ്പണം വാങ്ങുന്നതിന്റെയും അതിനുവേണ്ട വിലപേശലുകളുടേയും വിവരങ്ങള്‍ തെളിവുകള്‍ സഹിതം മാധ്യമങ്ങള്‍ ഇപ്പോഴും പുറത്ത് കൊണ്ടുവരുന്ന സ്ഥിതിയാണുള്ളത്. പ്രതിപക്ഷം നേരത്തെ മുതല്‍ പറഞ്ഞുകൊണ്ടിരുന്ന ആക്ഷേപങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് ഇതെല്ലാം.സ്വാശ്രയ കോളേജ് പ്രവേശന പ്രശ്‌നം ഇത്രയേറെ വഷളാക്കിയത് സര്‍ക്കാരിന്റെ ഭാഗത്തുണ്ടായ മനപൂര്‍വ്വമായ വീഴ്ചയാണ്. സര്‍ക്കാരിന്റെയോ ജങ്ങളുടേയോ വിദ്യാര്‍ത്ഥികളുടെയോ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വാശ്രയ മാനേജ്‌മെന്റുകളുമായി ഒത്തുകളിച്ചു. അതിന്റെ പരിണിതഫലമാണ് പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമായ ഹൈക്കോടതി വിധി.ഇതിനെതിരെ സുപ്രീംകോടതയില്‍ നേരത്തെ അപ്പീല്‍ പോകാതിരുന്നത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വന്നിട്ടുള്ള കൃത്യവിലോപമാണ്. പ്രവേശന നടപടി പൂര്‍ത്തിയാക്കിയെന്ന ധാരണയാണ് സുപ്രീംകോടതയില്‍ നല്‍കിയത്. അതുകൊണ്ടാണ് ഈ പ്രശ്‌നത്തില്‍ സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്ന വിധി വന്നതെന്നും സുധീരന്‍ വ്യക്തമാക്കി.പ്രവേശന നടപടി പൂര്‍ത്തിയായില്ലാ എന്നുള്ളതിന് ഇപ്പോള്‍ സുപ്രീംകോടതിയില്‍ സമയം നീട്ടി ചോദിച്ചത് തന്നെ ഏറ്റവും വലിയ തെളിവാണ്. ഓരോ അവസരത്തിലും വേണ്ട കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്യാതെ മനപൂര്‍വ്വമായി വീഴ്ച വരുത്തിയ സര്‍ക്കാര്‍, മനേജ്‌മെന്റുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതില്‍ അപ്പുറം ചെയ്യാനുള്ള സാഹചര്യമാണ് ഒരുക്കിയത്.
കൂത്ത്പറമ്പ് രക്തസാക്ഷികളുടെ സ്മരണയെ അവഹേളിച്ച് കൊണ്ടാണ് സി.പി.എം. നേതൃത്വം നല്‍ക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിന് ഏറ്റവും കൂടുതല്‍ ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തിയത്. ഇനിയെങ്കിലംു മുട്ടാപോക്ക് ന്യായങ്ങള്‍ പറഞ്ഞ് തെറ്റില്‍ നിന്ന് തെറ്റിലേക്ക് പോകുന്നതിന് പകരം തെറ്റുതിരുത്താനാണ് മുഖ്യമന്ത്രി തയ്യാറാകേണ്ടത്.സഭാനാഥനായ സ്പീക്കര്‍ വീളിച്ച് ചേര്‍ത്ത ഒത്തുതീര്‍പ്പ് ചര്‍ച്ചയെ കുറിച്ച് താന്‍ അറിഞ്ഞില്ലെന്ന സഭാനേതാവ് കൂടിയായ മുഖ്യമന്ത്രിയുടെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നും സുധീരന്‍ പറഞ്ഞു.സ്പീക്കര്‍ വിളിച്ച യോഗം മുഖ്യമന്ത്രി അറിഞ്ഞില്ലെന്നത് വിചിത്രമായ വാദമാണ്.അതുകൊണ്ട് ഇനിയെങ്കിലും യാഥാര്‍ത്ഥ്യ ബോധത്തോടെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വന്ന ജനകീയ സമരത്തിന് പരിഹാരം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.ജനകീയ സമരത്തെ തികച്ചും ജനാധിപര്യ വിരുദ്ധമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മര്‍ദ്ദക ഭരണത്തിനെതിരെ ഒക്ടോബര്‍ ഒന്നിന് 140 നിയോജക മണ്ഡലത്തിലും യു.ഡി.എഫ്. നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി മണ്ഡലാടിസ്ഥാനത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധം അറിയിക്കുമെന്നും സുധീരന്‍ പറഞ്ഞു. ഇത് വിജയകരമാക്കണമെന്ന് എല്ലാ യു.ഡി.എഫ്. പ്രവര്‍ത്തകരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.