ആരോഗ്യമന്ത്രി നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചു : വി.എം സുധീരന്‍

199

തിരുവനന്തപുരം: സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ തലവരിപ്പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചതായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നുണ്ടാവാമെന്നാണ് ഇന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ പറഞ്ഞത്. ഇതു തന്നെയായിരുന്നു യു.ഡി.എഫും പ്രശ്നത്തിന്റെ ആദ്യ ഘട്ടം മുതല്‍ ഉന്നയിച്ചിരുന്നതെന്നും വി.എം സുധീരന്‍ പറഞ്ഞു.തലവരിപ്പണം വാങ്ങുന്നുവെന്നത് മന്ത്രി മനപൂര്‍വം നിയമസഭയില്‍ നിന്നും ജനങ്ങളില്‍ നിന്നും മറച്ച്‌ വെക്കുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും സ്ഥാനം രാജിവെക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.ഒരു ഭാഗത്ത് തലവരിപ്പണം വാങ്ങുന്നില്ലെന്ന് ജനങ്ങളെയും നിയമസഭയെയും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും മറുഭാഗത്ത് തലവരിപ്പണം വാങ്ങാനുള്ള അവസരമുണ്ടാക്കുകയുമായിരുന്നു. ഇതിലൂടെ പുറത്ത് വരുന്നത് മാനേജ്മെന്റുകള്‍ക്ക് കോഴവാങ്ങാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നതിന്റെ തെളിവാണെന്നും വി.എം സുധീരന്‍ ആരോപിച്ചു.