ലൈറ്റ് മെട്രോ പദ്ധതിക്കായി ശക്തമായ ജനപ്രതിഷേധം ഉയരണമെന്ന് വി എം സുധീരന്‍

194

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതികള്‍ക്കായി ശക്തമായ ജനപ്രതിഷേധം ഉയരണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഒരു കൂടിക്കാഴ്ച പോലും നല്‍കാതെ ശ്രീധരനെ വര്‍ജ്ജിച്ച മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും ഇതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കൃത്യമായ ഒരു വികസനനയത്തിന്റെ അഭാവവും ആസൂത്രണമില്ലായ്മയും കെടുകാര്യസ്ഥതയും പദ്ധതി നടത്തിപ്പിലെ അഴിമതിയും ജനഹിതവിരുദ്ധ സമീപനവുമാണ് പദ്ധതികള്‍ പാളിപ്പോകുന്നതിന് പ്രധാന കാരണം. ഉദ്യോഗസ്ഥരും കരാറുകാരും കാലാകാലങ്ങളില്‍ മാറിമാറി വരുന്ന രാഷ്ട്രീയ ഭരണാധികാരികളില്‍ ചിലരും തമ്മിലുള്ള ദുഷിച്ച കൂട്ടുകെട്ടാണ് പല വികസനപദ്ധതികളില്‍ നിന്നും ഉദ്ദേശിച്ച ഫലം കിട്ടാതാക്കിയത്.

എന്നാല്‍ ശ്രീധരന്‍ സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്ന വ്യക്തിയാണ്. ശ്രീധരനെ ചുമതല ഏല്‍പിച്ചാല്‍ പദ്ധതിയില്‍ കയ്യിട്ട് വാരല്‍ നടക്കില്ല. അതുകൊണ്ട് അഴിമതി നടത്താന്‍ വെമ്ബുന്ന ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും സ്ഥാപിത താല്‍പ്പര്യക്കാര്‍ക്കും ശ്രീധരന്‍ വര്‍ജിതനാകുന്നു എന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും കൊച്ചി മെട്രോ നിര്‍മ്മാണ പദ്ധതിയില്‍ നിന്നും ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കാന്‍ നീക്കമുണ്ടായി. അന്ന് ആഗോള ടെന്‍ഡര്‍ എന്നതിന്റെ പേരില്‍ ശ്രീധരനെയും ഡിഎംആര്‍സിയെയും കൊച്ചി മെട്രോ നിര്‍മാണ ചുമതലയില്‍നിന്നും ഒഴിവാക്കാന്‍ ശ്രമിച്ച അതേ ലോബി തന്നെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഗ്രസിച്ചിരിക്കുന്നത്.
അതില്‍നിന്നും ഊരിപ്പോരാന്‍ ഉള്ള മിടുക്ക് ഇടതുമുന്നണി സര്‍ക്കാരിന് ഇല്ലന്നും അദ്ദേഹം വിമര്‍ശിച്ചു.

NO COMMENTS