സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റിനു മുമ്പില്‍ സംസ്ഥാനസര്‍ക്കാര്‍ കീഴടങ്ങി: വി.എം. സുധീരന്‍

249

സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റിനു മുമ്പില്‍ സംസ്ഥാനസര്‍ക്കാര്‍ കീഴടങ്ങിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ ഫീസ്‌വര്‍ദ്ധനയാണ് സര്‍ക്കാരും മാനേജുമെന്റും തമ്മില്‍ ഉള്ള ധാരണ വഴി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം25000 രൂപ ഫീസ് നിരക്കില്‍ 25 ശതമാനം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സീറ്റുകളില്‍ പഠിക്കാമായിരുന്നുവെങ്കില്‍ അത് 20 ശതമാനമായി വെട്ടിച്ചുരുക്കി. ഇത് പാവപ്പെട്ട വിദ്യാര്‍ത്ഥികളോടും അവരുടെ രക്ഷിതാക്കളോടും കാണിച്ച കടുത്ത അനീതിയാണ്.
മെഡിക്കല്‍, ദെന്തല്‍ കോളേജുകളില്‍ നിലവിലുണ്ടായിരുന്ന ഫീസില്‍ 65000 രൂപ മുതല്‍ 3.5 ലക്ഷം രൂപ വരെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് സാധാരണക്കാര്‍ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് ഈ തീരുമാനം കൊണ്ടെത്തിച്ചിരിക്കുന്നത്. സ്വാശ്രയ രംഗത്തെ ഫലപ്രദമായ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുമെന്ന് വമ്പു പറഞ്ഞിരുന്ന സര്‍ക്കാര്‍ മാനേജുമെന്റുകള്‍ക്ക് മുന്‍പില്‍ സമ്പൂര്‍ണമായി കീഴ്‌പ്പെടുകയായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് സാധാരണക്കാര്‍ക്ക് കടന്നു ചെല്ലാനുള്ള സാധ്യതകള്‍ അടയ്ക്കുന്ന ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.