ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണി മരിച്ചു

154

ലഖ്നൗ: ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണി മരിച്ചതായി ആക്ഷേപം. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് വനിതകളുടെ ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് സംഭവം. പ്രസവ വേദനകൊണ്ട് പിടഞ്ഞ് ആശുപത്രിയില്‍ എത്തിയ ഗുഡ്ഡി ദേവി എന്ന യുവതിക്കാണ് ഈ ദുര്‍ഗതി. ഗുഡ്ഡി ദേവിയെ എത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഇ-റിക്ഷയിലാണ് ഭര്‍ത്താവ് രാജ അവരെ ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്.എന്നാല്‍ ഇവര്‍ പ്രവേശനം നിഷേധിച്ചതോടെ സമീപത്തുള്ള പ്രൈവറ്റ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചു. ഐസിയുവില്‍ പ്രവേശിക്കാന്‍ ആവശ്യമായ പണം കൂലിവേലക്കാരനായ രാജയ്ക്ക് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വീണ്ടും വനിതകളുടെ ആശുപത്രിയില്‍ എത്തിച്ചു.സ്ഥലം എം.എല്‍.എ മനീഷ് അസിസ കൂടി ഇടപെട്ടതോടെയാണ് ഗുഡ്ഡിക്ക് ആശുപത്രിയില്‍ പ്രവേശനം ലഭിച്ചത്. അപ്പോഴേക്കും മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ഇതിനകം ഗുഡ്ഡി മരിക്കുകയായിരുന്നു.ആശുപത്രി അനധികൃതരുടെ അനാസ്ഥയില്‍ ഭാര്യയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ജീവന്‍ നഷ്ടമായപ്പോള്‍ പ്രതികരിക്കാനുള്ള ശേഷിപോലും നഷ്ടപ്പെട്ട രാജ മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങി. പതിവുപോലെ സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന പ്രതികരണം ആരോഗ്യവകുപ്പ് അധികൃതരും നടത്തി.
അതേസമയം, ഗുഡ്ഡിയുടെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ അവരുടെ നില ഗുരുതരമായിരുന്നുവെന്നും ഇവിടെ ഐ.സി.യു സൗകര്യമില്ലാത്തതിനാല്‍ ആഗ്രയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചിരുന്നതാണെന്നും ആശുപത്രി ചീഫ് മെഡിക്കല്‍ സൂപ്രണ്ട് പറയുന്നു.

NO COMMENTS

LEAVE A REPLY