പാക് അതിര്‍ത്തി കടന്ന് ഹഫീസ് സെയ്ദിനെയും കൊല്ലണമെന്ന് ഉറി രക്തസാക്ഷിയുടെ ഭാര്യ

195

ഗയ: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനും തീവ്രവാദി നേതാവുമായ ഹഫീസ് സെയ്ദിനെ പാകിസ്താനിലെത്തി വധിക്കണമെന്ന് ഉറി രക്തസാക്ഷിയുടെ വിധവ. യു.എസ് സേന പാകിസ്താനിലെത്തി ബിന്‍ ലാദനെ വധിച്ചത് പോലെ ഹഫീസ് സെയ്ദിനെയും വധിക്കണമെന്ന് ഉറി ആക്രമണത്തില്‍ രക്തസാക്ഷിയായ ഹവില്‍ദാര്‍ അശോക് കുമാര്‍ സിംഗിന്‍റെ വിധവ സംഗീത ദേവി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടാണ് സംഗീത ദേവി ഇക്കാര്യം പറഞ്ഞത്. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ സംഗീത ദേവി പ്രശംസിച്ചു. പാക് അതിര്‍ത്തി കടന്ന് സൈന്യം നടത്തിയ ആക്രമണം സന്തോഷകരമാണ്. രാജ്യത്തിന് വേണ്ടി കൂടുതല്‍ ത്യാഗം സഹിക്കാന്‍ തന്‍റെ കുടുംബം തയ്യാറാണെന്നും സംഗീത ദേവി പറഞ്ഞു.സൈനിക നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി പറയുന്നതായും സംഗീത ദേവി കൂട്ടിച്ചേര്‍ത്തു. സംഗീത ദേവിയുടെ മകനും മരുമകനും സൈന്യത്തിലാണ്.