നഗര പ്രദേശങ്ങളും പകര്‍ച്ചവ്യാധി ഭീഷണിയില്‍; കൂടുതല്‍ ജാഗ്രത വേണം.

43

കാസര്‍കോട്: കൊറോണ രോഗ ഭീതി നിലനില്‍ക്കെ തന്നെ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വ്യാപകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗര പ്രദേശങ്ങളില്‍ കൊതുക് ജന്യ രോഗ സാധ്യതാ മനസ്സിലാക്കുന്നതിനായി ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഡെങ്കിപനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെയും, മലമ്പനിക്ക് കാരണമാകുന്ന അനോഫിലസ് കൊതുകുകളുടെയും ഉറവിടങ്ങള്‍ വ്യാപകമായി കണ്ടെത്തി. ഇത് നഗര പ്രദേശങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളിലെ സ്വകാര്യ ആശുപത്രികള്‍, ലോഡ്ജുകള്‍ മല്‍സ്യമാര്‍ക്കറ്റുകള്‍, വിവിധ സ്ഥാപനങ്ങള്‍, നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ പ്രത്യേക സംഘം പരിശോധന നടത്തിയത്.

ആശുപത്രികള്‍, മത്സ്യമാര്‍ക്കറ്റുകള്‍ തുടങ്ങീ ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ രോഗകാരികളായ കൊതുകുകളെ കണ്ടെത്തിയത് വളരെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് നോക്കിക്കാണുന്നതെന്ന് അഡീഷ്ണല്‍ ജില്ലാ സര്‍വ്വലെന്‍സ് ഓഫീസര്‍ ടി ആമിന അറിയിച്ചു. മൂടി വെയ്ക്കാത്ത ജലസംഭരണികള്‍ അടിയന്തിരമായി കൊതുക് വലയിട്ട് മൂടാന്‍ നിര്‍ദ്ദേശം നല്‍കി. കൊതുക് വളരുന്ന എല്ലാ സാഹചര്യങ്ങളും നീക്കാന്‍ ചെയ്യാന്‍ സ്ഥാപന ഉടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും അഡീഷ്ണല്‍ ജില്ലാ സര്‍വ്വലെന്‍സ് ഓഫീസര്‍ പറഞ്ഞു.

NO COMMENTS