അപ്പർ കല്ലാർ, ചാത്തങ്കോട്ട് നട സ്റ്റേജ് 2 ജല വൈദ്യുത പദ്ധതികൾ കമ്മീഷൻ ചെയ്യും

67

തിരുവനന്തപുരം : ഇടുക്കിയിൽ നിർമാണം പുരോഗമിക്കുന്ന അപ്പർ കല്ലാർ ജലവൈദ്യുത പദ്ധതി അടുത്തമാസം പ്രവർത്തന സജ്ജമാക്കി വൈദ്യുതോല്പാദനം നടത്താൻ തീരുമാനം. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. കോഴിക്കോട് നിർമാണം പുരോഗമിക്കുന്ന ചാത്തങ്കോട്ട്‌നട സ്റ്റേജ് 2 പദ്ധതിയുടെ രണ്ട് മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകൾ 90 ദിവസത്തിനുളളിൽ പ്രവർത്തന സജ്ജമാക്കാനും യോഗം തീരുമാനിച്ചു.

കുറഞ്ഞ നിരക്കിൽ ഗുണമേ•യുളള വൈദ്യുതി സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിന് ഉപകരിക്കുന്ന പദ്ധതികളാണിത്. 46 മെഗാവാട്ടിന്റെ മാങ്കുളം പദ്ധതിക്ക് 90 ദിവസത്തിനുളളിൽ കരാർ വിളിക്കും. 193.5 മെഗാ വാട്ട് ശേഷിയുള്ള 10 ജലവൈദ്യുത പദ്ധതികളുടെ നിർമാണ പുരോഗതി യോഗം അവലോകനം ചെയ്തു. പദ്ധതികളുടെ തടസ്സങ്ങൾ നീക്കി സമയബന്ധിതമായി പൂർത്തിയാക്കാനും മന്ത്രി നിർദ്ദേശിച്ചു.

പദ്ധതികൾക്കായുളള സ്ഥലമേറ്റെടുപ്പിലെ കാലതാമസം ഒഴിവാക്കാൻ കാലാനുസൃതമായ മാറ്റം വരുത്തണമെന്ന് മന്ത്രി പറഞ്ഞു. ഊർജ്ജ സെക്രട്ടറി ബി.അശോക്, കെ.എസ്.ഇ.ബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ എൻ. എസ്.പിളള, കെ.എസ്.ഇ.ബി ഡയറക്ടർമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS