കോൺഗ്രസ്സിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഉടൻ തീർക്കണമെന്ന് യുഡിഎഫിലെ ഘടകക്ഷികളുടെ അന്ത്യശാസനം

287

കോൺഗ്രസ്സിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഉടൻ തീർക്കണമെന്ന് യുഡിഎഫിലെ ഘടകക്ഷികളുടെ അന്ത്യശാസനം. യോജിപ്പില്ലാതെ ഇനി മുന്നോട്ടുപോകാനാകില്ലെന്ന് ലീഗ് മുന്നണി യോഗത്തില്‍ വ്യക്തമാക്കി. 14 ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരാന്‍ തീരുമാനമായെങ്കിലും പങ്കെടുക്കില്ലെന്ന നിലപാട് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. തമ്മിൽതല്ലുന്ന കോൺഗ്രസ്സിനുള്ള താക്കീതായി യുഡിഎഫ് യോഗം മാറി. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം പരിഹരിക്കാതെ നല്ലനിലയില്‍ മുന്നോട്ടുപോകാനാകില്ല . ഇപ്പോള്‍ നടക്കുന്നത് വെറും മെനക്കെടുത്തല്‍ മാത്രമാണ്. ഇങ്ങനെ തുടര്‍ന്നാല്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കേണ്ടി വരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി താക്കീത് നല്‍കി. ജെഡിയുവും ആർഎസ്പിയും അടക്കമുള്ള എല്ലാ കക്ഷികളും കടുത്ത നിലപാടെടുത്തു. പ്രതിപക്ഷം ദുർബ്ബലമാണെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെ ചേർന്ന യോഗത്തിൽ ഇതുവരെ നടത്തിയ സമരങ്ങളുടെ പട്ടികയുമായാണ് പ്രതിപക്ഷ നേതാവെത്തിയത്. ഘടകക്ഷികൾ നിലപാട് കടുപ്പിച്ചതോടെയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി 14 ന് ചേരാൻ ധാരണയായത്. എന്നാൽ ഉമ്മന്‍ചാണ്ടി അയഞ്ഞിട്ടില്ല. പങ്കെടുക്കില്ലെന്ന് ഉമ്മൻചാണ്ടി യോഗത്തിൽ വ്യക്തമാക്കി. അനുനയനീക്കങ്ങളും അന്ത്യശാസനവും പൂർണ്ണമായും വിജയം കണ്ടില്ലെങ്കിലും സമരവുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. നോട്ട് പ്രതിസന്ധി , റേഷന്‍ സ്തംഭനം തുടങ്ങി വിഷയങ്ങളിലെ സമരപരിപാടികൾ ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കും.

NO COMMENTS

LEAVE A REPLY