ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് യു.എ.ഇ

56

കോവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് യു.എ.ഇ.കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക.

ഇന്ത്യയില്‍ നിന്ന് ഇതര രാജ്യങ്ങളില്‍ കൂടി പ്രവേശിച്ച്‌ 14 ദിവസത്തിന് ശേഷം ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയില്‍ പ്രവേശിക്കാം. ഇങ്ങനെ യു.എ.ഇയില്‍ എത്തുന്നവര്‍ ആദ്യ ദിവസവും ഒന്‍പതാമത്തെ ദിവസവും പി.സി.ആര്‍ ടെസ്റ്റിന് വിധേയമാകണം.

അതേ സമയം ഇസ്ലാമബാദ്, കറാച്ചി, ലാഹോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്തെത്താന്ഡ അനുമതി നല്‍കുമെന്നും യു.എ.ഇ അറിയിച്ചു. നേരത്തെ പാകിസ്താനില്‍ നിന്നുള്ള യാത്രക്കാരെ കൊണ്ടു പോകാന്‍ വേണ്ടി മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്.

അതേ സമയം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ രണ്ട് ഡോസ് വാക്സിനെടുത്ത താമസ വിസക്കാര്‍ക്ക്​ ഓഗസ്റ്റ്​ അഞ്ച്​ മുതല്‍ യു എ ഇയില്‍ മടങ്ങിയെത്താമെന്നും യു എ ഇ വ്യക്തമാക്കിയിരുന്നു. യു എ ഇ അംഗീകൃത വാക്സിനെടുത്തവര്‍ക്കാണ്​ അനുമതി. യു എ ഇ ദുരന്ത നിവാരണ സമിതിയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. രണ്ടാമത്തെ ഡോസ്​ എടുത്ത്​ 14 ദിവസം പൂര്‍ത്തീകരിച്ചവര്‍ക്കാണ്​ അനുമതി.

കോവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 25 മുതല്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ട് യുഎഇ യിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. ആശങ്കയിലായിരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം. യുഎഇ അംഗീകരിച്ച വാക്സിന്‍ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പൂര്‍ത്തിയായിരിക്കണം എന്നും ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

അതേസമയം, ചില വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വാക്സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്​ടര്‍മാര്‍, നഴ്​സുമാര്‍, ടെക്​നീഷ്യന്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ (സ്​കൂള്‍, കോളജ്​, യൂണിവേഴ്​സിറ്റി) എന്നിവര്‍ക്കാണ്​ ഇളവ്​ നല്‍കിയിരിക്കുന്നത്​.

വിദ്യാര്‍ഥികള്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്ന കേസുകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ചികിത്സ അത്യാവശ്യമു ള്ളവര്‍ എന്നിവര്‍ക്കും ഇളവുണ്ട്​. ഇവര്‍ മടങ്ങുന്നതിന് മുന്‍പ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിന്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെയും വെബ്സൈറ്റ് വഴി അനുമതി തേടണമെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അസ്ട്രാസെനക്ക അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിനും സ്പുട്‌നിക് v വാക്‌സിനും യുഎഇ അംഗീകരിച്ചതാണ്. അതേ സമയം ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന്‍ യുഎഇ അംഗീകരിച്ചിട്ടില്ല. സിനോഫാം, ഓക്‌സ്‌ഫഡ് അസ്ട്രാസെനക്ക/ കോവിഷീല്‍ഡ്, ഫൈസര്‍/ ബയേണ്‍ടെക്, സ്പുട്‌നിക്v,മൊഡേണ വാക്സിനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്.

ഇന്ത്യക്ക് പുറമെ നേപ്പാള്‍, നൈജീരിയ, പാകിസ്താന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കും വിസ അനുവദിക്കും. യാത്രക്കാര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. ​കോവിഡ് പശ്ചാത്തലത്തില്‍ യു.എ.ഇ പൗരന്മാര്‍ക്ക് മാത്രമാണ് നിലവില്‍ യാത്രാ അനുമതിയുള്ളത്. കോവിഡ് കേസുകള്‍ കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.

NO COMMENTS