യുഎസ് ഇന്ത്യയെ തന്ത്രപ്രധാന പ്രതിരോധ പങ്കാളിയാക്കില്ല

186

വാഷിങ്ടൺ ∙ഇന്ത്യയെ തന്ത്രപ്രധാന പങ്കാളിയായി അംഗീകരിക്കാനായി കൊണ്ടുവന്ന ഭേദഗതി ബിൽ യുഎസ് സെനറ്റ് അംഗീകരിച്ചില്ല. 2017ലെ അമേരിക്കയുടെ പ്രതിരോധ ചെലവുകളുടെ രൂപരേഖയായ ദേശീയ പ്രതിരോധ അനുമതി നിയമത്തിലെ കയറ്റുമതി നിയന്ത്രണ വ്യവസ്ഥകളിലാണു മാറ്റം വരുത്തേണ്ടിയിരുന്നത്. ഇതിനായി മുതിർന്ന റിപ്പബ്ലിക്കൻ സെനറ്റർ ജോൺ മെക്കെയ്ൻ കൊണ്ടുവന്ന ഭേദഗതിയാണു സെനറ്റ് തള്ളിയത്.

ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചപ്പോൾ പ്രസിഡന്റ് ബറാക് ഒബാമയുമായി നടത്തിയ ചർച്ചയിലെ പ്രധാന വിഷയങ്ങളിലൊന്ന് ഇതായിരുന്നു. ചർച്ചയ്ക്കുശേഷമുള്ള സംയുക്ത പ്രസ്താവനയിൽ ഇന്ത്യയെ ‘പ്രമുഖ പ്രതിരോധ പങ്കാളി’യായി യുഎസ് പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിരോധ സാങ്കേതികവിദ്യ ഉൾപ്പെടെയുള്ളവ യുഎസ് അതിന്റെ പ്രധാന സഖ്യരാജ്യങ്ങളുമായി പങ്കുവച്ചിരുന്ന അതേ അളവിൽ ഇന്ത്യയ്ക്കും കൈമാറ്റം ചെയ്യാൻ അവസരമൊരുക്കുന്നതായിരുന്നു ഈ പ്രഖ്യാപനം. എന്നാൽ ഇതിന്റെ തുടർച്ചയായുള്ള നിയമഭേദഗതി സെനറ്റ് തള്ളിയത് ഇന്ത്യയ്ക്കു തിരിച്ചടിയായി.

ഇന്ത്യയും യുഎസും പൊതുവായ പ്രതിരോധ ഭീഷണിയാണു നേരിടുന്നതെന്നും ഇരുരാജ്യങ്ങളുടെയും താൽപര്യം സംരക്ഷിക്കാൻ പ്രതിരോധ പങ്കാളിത്തം വേണമെന്നും ആവശ്യപ്പെട്ടാണു മെക്കെയ്ൻ ഭേദഗതി കൊണ്ടുവന്നത്. റിപ്പബ്ലിക്കൻ പാർട്ടിക്കു സെനറ്റിൽ ഭൂരിപക്ഷമുണ്ടെങ്കിലും മെക്കെയ്ന്റെ ഭേദഗതിക്കു പിന്തുണ കിട്ടിയില്ല. ദേശീയ പ്രതിരോധ അനുമതി നിയമം 2017 (എ‍ൻഡിഎഎ) വൻ ഭൂരിപക്ഷത്തോടെയാണു സെനറ്റ് പാസാക്കിയത്. 100 അംഗ സെനറ്റിൽ 85 പേർ അനുകൂലിച്ചു. 13 പേർ മാത്രമേ എതിർത്തുള്ളൂ. എൻഡിഎഎ പാസായെങ്കിലും നിയമത്തിൽ ഇന്ത്യയ്ക്കു സഹായകരമാകേണ്ടിയിരുന്നതുൾപ്പെടെ ഒട്ടേറെ ഭേദഗതികൾ സെനറ്റ് തള്ളുകയായിരുന്നു.

NO COMMENTS

LEAVE A REPLY