കാട്ടാക്കടയില്‍ സിപിഎം നേതാവിന്റെ വീടിനു നേരെ ആക്രമണം

244

തിരുവനന്തപുരം: തലസ്ഥാനത്ത് സമാധാന ചര്‍ച്ചകള്‍ നടത്തിയതിന് ശേഷവും സിപിഎം- ബിജെപി സംഘര്‍ഷാവസ്ഥ തുടരുകയാണ്. സിഐടിയു കാട്ടാക്കട ഏരിയാ സെക്രട്ടറി എം ഫ്രാന്‍സിസിന്റെ വീട്ടിലേക്കു രാത്രി പെട്രോള്‍ ബോംബെറിഞ്ഞു. രാഷ്ട്രീയ അക്രമം തുടരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിസിന്റെ വീടിനു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇന്നലെ വൈകിട്ടു പിന്‍വലിച്ചതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാനയോഗത്തില്‍ ഭാവിയില്‍ അക്രമങ്ങള്‍ ഉണ്ടാകില്ലെന്നുറപ്പു വരുത്തുമെന്ന് തീരുമാനമെടുത്തിരുന്നു. ഏതെങ്കിലും അക്രമങ്ങളെക്കുറിച്ചു വിവരം ലഭിച്ചാല്‍ ഇരുകക്ഷികളുടെയും ജില്ലാ നേതാക്കള്‍ ഉടന്‍ പരസ്പരം ഫോണില്‍ ബന്ധപ്പെടും. അക്രമം പടരാതിരിക്കാനുള്ള സന്ദേശം കീഴ്ത്തട്ടിലേക്കു കൈമാറുകയും ചെയ്യുമെന്നായിരുന്നു ധാരണ. എന്നാല്‍ ചര്‍ച്ചകള്‍ പ്രാവര്‍ത്തിക തലത്തില്‍ എത്തിയിട്ടില്ല എന്ന് തെളിയിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.