അക്രമികളെ സംരക്ഷിക്കാന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച്‌ സമാധാന യോഗം

378

തിരുവനന്തപുരം/കോട്ടയം: രാഷ്ടീയ സംഘര്‍ഷങ്ങളുണ്ടായ തിരുവനന്തപുരത്തും കോട്ടയത്തും സിപിഎം-ബിജെപി നേതാക്കള്‍ സമാധാന യോഗം നടത്തി. ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതാക്കള്‍ രണ്ടിടങ്ങളിലും യോഗത്തില്‍ പങ്കെടുത്തു.അക്രമങ്ങള്‍ അപലപിക്കപ്പെടേണ്ടതും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ യോഗത്തിന് ശേഷം വ്യക്തമാക്കി. തലസ്ഥാനത്ത് സമാധാന നിലനിര്‍ത്താന്‍ ഇരുപാര്‍ട്ടികളും ഇടപെടല്‍ നടത്തണം. പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ പരിഹരിക്കാന്‍ ജില്ലാ നേതാക്കള്‍ ഇടപെടുമെന്നും, പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കുമെന്നും സിപിഎം,ബിജെപി നേതാക്കള്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ച പൊതുവേ ആരോഗ്യപരമായിരുന്നുവെന്ന് ബിജെപി ജില്ലാ നേതാവ് എസ് സുരേഷും വ്യക്തമാക്കി. യോഗത്തിലെടുത്ത തീരുമാനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരിലേക്കെത്തിക്കുമെന്നും, അക്രമികളായ പ്രവര്‍ത്തകരെ സംരക്ഷിക്കില്ലെന്നും ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ അറിയിച്ചു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്. തലസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ അക്രമങ്ങള്‍ അരങ്ങേറിയ കോട്ടയത്തും സിപിഎംബിജെപി ഉഭയകക്ഷി സമാധാന യോഗം ചേര്‍ന്നു. ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായ തിരുവനന്തപുരത്തും കോട്ടയത്തും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് ഇരു പാര്‍ട്ടി നേതാക്കളും സമാധാന യോഗം ചേര്‍ന്നത്. തിരുവനന്തപുരത്ത് ആഗസ്റ്റ് ആറിന് സര്‍വ്വകക്ഷി സമാധാന യോഗവും വിളിച്ചിട്ടുണ്ട്‌