ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും

191

തിരുവനന്തപുരം: ഒന്നരമാസമായി തുടരുന്ന മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. മത്സ്യബന്ധനത്തിനായി കടലില്‍ പോകാനുള്ള ഒരുക്കം പൂര്‍ത്തിയാക്കി കാത്തിരിപ്പിലാണ് തൊഴിലാളികള്‍. തിങ്കളാഴ്ച രാത്രി 12ന് നീണ്ടകര പാലത്തിനുതാഴ തൂണുകളില്‍ ബന്ധിച്ചിരിക്കുന്ന ചങ്ങല ഫിഷറീസ് അധികൃതര്‍ മാറ്റുന്നതോടെ ചാകരതേടി ബോട്ടുകള്‍ കടലിലേക്ക് കുതിക്കും. മത്സ്യബന്ധന ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കടലില്‍ പോകാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്. ജൂണ്‍ 14 നാണ് ട്രോളിംഗ് നിരോധനം തുടങ്ങിയത്. രജിസ്റ്റര്‍ ചെയ്ത 4500 ബോട്ടുകളാണ് സംസ്ഥാനത്തുള്ളത്. സുരക്ഷയുടെ ഭാഗമായി കടലിലേക്ക് പോകുന്ന ബോട്ടുകള്‍ക്ക് ഏകീകൃത നിറം സര്‍ക്കാര്‍ നിശ്ചയിച്ചെങ്കിലും പൂര്‍ണ്ണമായും നടപ്പായില്ല. ഇത്തവണ മഴ ധാരാളം ലഭിച്ചതിനാല്‍ ചാകരക്കോളുണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ വല, ചൂണ്ട പോലുള്ള മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ജി.എസ്.ടിയില്‍ നികുതി കൂട്ടിയത് തിരിച്ചടിയായി. ഡീസല്‍ ക്ഷമാവും പ്രതിസന്ധിയുണ്ടാക്കും. നിരോധനം കഴിഞ്ഞ് ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും കഴിഞ്ഞാലെ മത്സ്യവിപണി ഉണരുകയുള്ളൂ. കണവ, ചെമ്മീന്‍ തുടങ്ങിയവയാണ് ട്രോളിംഗ് നിരോധം കഴിഞ്ഞാല്‍ ആദ്യം ലഭിക്കുന്ന മത്സ്യങ്ങള്‍. ഇവയ്ക്കായി പ്രത്യേക വലകളാണ് ഒരുക്കുന്നത്.

NO COMMENTS