തിരുവനന്തപുരം ജില്ലാ കളക്ടറായി കെ. ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു.

226

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ കളക്ടറായി കെ. ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു. 2013 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിരിക്കെയാണു തിരുവനന്തപുരം കളക്ടറായി നിയമിതനാകുന്നത്. തമിഴ്‌നാട് നാമക്കല്‍ സ്വദേശിയാണ്.

ഇന്നലെ രാവിലെ കളക്ടറേറ്റിലെത്തിയ കെ. ഗോപാലകൃഷ്ണനെ സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, എ.ഡി.എം. പി.ടി. എബ്രഹാം മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. ജില്ലയുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ജില്ലയിലെ ജനങ്ങള്‍ ഓരോരുത്തരും തന്റെ കുടുംബാംഗങ്ങളായിരിക്കുമെന്നും ചുമതലയേറ്റശേഷം കളക്ടര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ നാലു മിഷനുകള്‍ കാര്യക്ഷമമായും ജനോപകാരപ്രദമായും നടപ്പാക്കുന്നതിലാകും പ്രധാനമായും ശ്രദ്ധവയ്ക്കുക. പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി രംഗങ്ങളില്‍ നടക്കുന്ന വിവിധ വികസന പദ്ധതികള്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഉദ്യോഗസ്ഥ സംവിധാനം സജ്ജമാക്കും. ജില്ലയുടെ തീരദേശ മേഖലയിലടക്കം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു സര്‍ക്കാര്‍ സംവിധാനത്തിലൂടെ വേഗത്തിലുള്ള പരിഹാരത്തിനു ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം അസിസ്റ്റന്റ് കളക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍, ജലനിധി സി.ഇ.ഒ, ലാന്‍ഡ് റവന്യൂ റെക്കോഡ്‌സ് ഡയറക്ടര്‍ എന്നീ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പില്‍ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബി.ടെക് ബിരുദവും ഫിനാന്‍ഷല്‍ മാനെജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

കുടുംബസമേതമെത്തിയാണ് ജില്ലയുടെ പുതിയ കളക്ടര്‍ ചുമതലയേറ്റത്. നാമക്കലിലെ കര്‍ഷകരായ കാളിയണ്ണനും ശെല്‍വമണിയുമാണ് മാതാപിതാക്കള്‍. ഭാര്യ ദീപ വീട്ടമ്മയാണ്. ആതിര, വിശാഖന്‍ എന്നിവരാണു മക്കള്‍.

NO COMMENTS