മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

284

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. മുത്തലാഖ് സമ്ബ്രദായത്തിലൂടെ വിവാഹമോചനം നേടുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, പ്രതിപക്ഷ കക്ഷികള്‍ ബില്ലില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെടുന്നതിനാല്‍ സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്. ബില്‍ പാര്‍ലിമെന്ററി സമിതിക്ക് വിട്ട് ആവശ്യമായ തിരുത്തലോടുകൂടി പാസ്സാക്കിയെടുക്കണമെന്നാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും വിവിധ പ്രദേശിക പാര്‍ട്ടികളും ആവശ്യപ്പെടുന്നത്. ബില്ലിലെ കടുത്ത വ്യവസ്ഥകളില്‍ ഇളവ് വരുത്തണമന്ന് പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെടുന്നു. എന്നാല്‍ ബില്ലില്‍ തിരുത്തലുകള്‍ ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം കോണ്‍ഗ്രസ് ഇന്നത്തെ ചര്‍ച്ചയില്‍ ഉന്നയിക്കും. അങ്ങനെ സംഭവിച്ചാല്‍ ബില്‍ വീണ്ടും സെലക്‌ട് കമ്മിറ്റി മുന്‍പാകെയെത്തുകയും ഈ നടപ്പുസമ്മേളനത്തില്‍ പാസാക്കാന്‍ സാധിക്കാതെയും വരും. ബില്‍ അവതരിപ്പിക്കുന്ന സമയത്ത് സഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തങ്ങളുടെ എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മൂന്നു ദിവസവും രാജ്യസഭയില്‍ ഹാജരുണ്ടായിരിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.