മുത്തലാഖ് നിരോധന ബില്‍ ബില്‍ ലോക്സഭ പാസാക്കി

263

ന്യൂഡെല്‍ഹി : മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളിയാണ് ബില്‍ പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലോക്സഭയില്‍ ബില്‍ പാസാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരില്‍ മുത്തലാഖ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യയെ സംബന്ധിച്ചടത്തോളം ചരിത്രപരമായ ദിവസമാണിതെന്ന് ബില്‍ അവതരിപ്പിച്ചു കൊണ്ട് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബില്ലിനെ എല്ലാവരും പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച മന്ത്രി, ഇതില്‍ മതത്തിന്റേയോ വിശ്വാസത്തിന്റേയോ പ്രശ്നമില്ലെന്നും വ്യക്തമാക്കി. സ്ത്രീകള്‍ക്കും തുല്യത ഉറപ്പാക്കുകയാണ് ഈ ബില്ലിലൂടെ കേന്ദ്രം ചെയ്യുന്നത്. ലിംഗ സമത്വവും സ്ത്രീകളുടെ അന്തസും കാത്തുസൂക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ളിം ശരിയത്ത് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ഇടപെടുന്നില്ല. അത്തരത്തിലുള്ള പ്രചരണം തെറ്റാണ്. വോട്ട് ബാങ്ക് നോക്കിയോ വിശ്വാസത്തെ കണക്കിലെടുത്തോ ബില്ലിനെ അനാവശ്യമായി എതിര്‍ക്കരുതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് ശേഷമുള്ള നൂറോളം കേസുകള്‍ക്ക് പുറമെ 2017 ല്‍ മുന്നൂറോളം മുത്തലാഖുകള്‍ ഇന്ത്യയില്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോകസഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെ മുസ്ലിം വ്യക്ത നിയമ ബോര്‍ഡ് എതിര്‍ത്തിരുന്നു.

NO COMMENTS