അട്ടപ്പാടിയില്‍ വി.ഇ.ഒ മാര്‍ക്കായി ‘ഗോത്രായനം’ പരിശീലന പരിപാടി പട്ടിക ഗോത്രവര്‍ഗ സങ്കേതങ്ങളില്‍ സന്ദര്‍ശനം, ജീവിതരീതികളില്‍ പഠനം

203

പാലക്കാട് : പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ ഇന്‍ സര്‍വീസ് പരിശീലനത്തിന്റെ ഭാഗമായി കൊട്ടാരക്കര കില ഇടിസി യുടെ നേതൃത്വത്തില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടിക ഗോത്രവര്‍ഗ സങ്കേതങ്ങളില്‍ ‘ഗോത്രായനം’ പഠന പരിശീലന പരിപാടി സംഘടിപ്പിച്ചു വരുന്നു. എട്ട് ദിവസങ്ങളിലായി വിവിധ പട്ടിക ഗോത്രവര്‍ഗ സങ്കേതങ്ങളില്‍ സന്ദര്‍ശനം നടത്തി ഗോത്രവര്‍ഗ ജനങ്ങളെ അടുത്തറിയുകയും അവരുടെ ജീവിത രീതികള്‍ കണ്ടു മനസിലാക്കുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് പഠനം നടത്തുന്നത്.

കില ഇടിസി പ്രിന്‍സിപ്പലായ ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 43 ഓളം ഓഫീസര്‍മാരാണുള്ളത്. പരിശീലനത്തിന്റെ ഭാഗമായി വി.ഇ.ഒ.മാരുടെ സംഘം കാടും മലയും താണ്ടി ദുര്‍ഘട പ്രദേശങ്ങളിലുള്ള ഗോത്രവര്‍ഗ സങ്കേതങ്ങളിലെ ആദിവാസി വീടുകള്‍ സന്ദര്‍ശിച്ചു. അഗളി പഞ്ചായത്തിലെ വടക്കോട്ടത്തറ, ഗുഢയൂര്‍, ഷോളയൂര്‍ പഞ്ചായത്തിലെ വടക്കേ കടമ്പാറ, തെക്കേ കടമ്പാറ, കുലുക്കൂര്‍, പുതൂര്‍ പഞ്ചായത്തിലെ ആഞ്ചക്കംകൊമ്പ, ഗോട്ടിയാര്‍ക്കണ്ടി എന്നീ ഊരുകളിലാണ് സന്ദര്‍ശനം നടത്തിയത്. പ്രദേശത്തെ അംഗനവാടികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, സാമൂഹിക കേന്ദ്രങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ആദിവാസികളുടെ തൊഴിലിടങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥാപനങ്ങളും സന്ദര്‍ശിച്ചു.

ജനപ്രതിനിധികള്‍, ഊരുമൂപ്പന്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശനാണ് ഗോത്രായനം ഉദ്ഘാടനം ചെയ്തു. കില ഇറ്റിസി പ്രിന്‍സിപ്പല്‍ ജി.കൃഷ്ണകുമാര്‍ പരിശീലന പരിപാടി വിശദീകരിച്ചു. കില ഇറ്റിസി ഫാക്കല്‍റ്റി അംഗങ്ങളായ വി.പി.റഷീദ്, ഷബിന ബി., എസ്.ഉമേഷ് ജോ.ബിഡിഒ കെ.വി.സാബു എന്നിവരും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ വി.ഇ.ഒ.മാരും പങ്കെടുത്തു.

NO COMMENTS