സൗദിയിൽ വീട്ടുജോലിക്ക് പോയ സ്ത്രീ പീഡനത്തിന് ഇരയായ സംഭവത്തിൽ ട്രാവൽ ഏജൻസി ഉടമ അറസ്റ്റില്‍

174

തൊടുപുഴ: സൗദിയിൽ വീട്ടുജോലിക്ക് പോയ സ്ത്രീ പീഡനത്തിന് ഇരയായ സംഭവത്തിൽ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിലായി. തൊടുപുഴ അൽ ജഷീറ ട്രാവൽ ഏജൻസി ഉടമ അജിനാസാണ് അറസ്റ്റിലായത്. ഇയാൾ വഴി സൗദിയിലെത്തിയ നിരവധി സ്ത്രീകൾ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശിയായ ചെരുവിൽപുരയിടം വീട്ടിൽ അജിനാസാണ് അറസ്റ്റിലായത്. അന്പലം ബൈപ്പാസ് ജംഗ്ഷനിൽ അൽ ജഷീറ എന്ന ട്രാവൽ ഏജൻസി നടത്തിവരുകയായിരുന്നു ഇയാൾ. ഇളംദേശം സ്വദേശിയായ സ്ത്രീയെ വീട്ടുജോലിക്കായി സൗദിയിലേക്ക് കടത്തിയ സംഭവത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. 35കാരിയും വിധവയുമായ സ്ത്രീക്ക് സൗദിയിലെത്തിയശേഷം ക്രൂരമായ ശാരീരിക പീഡനം ഏൽക്കേണ്ടിവന്നിരുന്നു.
പറഞ്ഞതിന്‍റെ പകുതി ശന്പളംപോലും നൽകിയതുമില്ല. ഒരു വീട്ടിലെ ജോലിക്കെന്ന് പറഞ്ഞിട്ട് പല വീടുകളിൽ ജോലി ചെയ്യേണ്ടിവന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി സ്ത്രീയുടെ അമ്മ മുഖ്യമന്ത്രിക്കും തൊടുപുഴ പൊലീസിനും പരാതകി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റിക്രൂട്ട്മെന്റ് ലൈസൻസ് ഇല്ലാതെയാണ് അജിനാസ് ട്രാവൽ ഏജൻസി നടത്തിയിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതെത്തുടർന്ന് അജിനാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൗദിയിലുള്ള യുവതി മറ്റന്നാൾ നാട്ടിലെത്തും. ഇവരുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമെ അജിനാസിന്‍റെ തട്ടിപ്പിന്‍റെ വ്യാപ്തി എത്രത്തോളമെന്ന് വ്യക്തമാകൂ.

NO COMMENTS

LEAVE A REPLY