ടൂറിസം: പ്രാദേശിക പാചകമത്സരത്തിന്‍റെ സമയക്രമം പുതുക്കി, 8 വരെ അപേക്ഷിക്കാം

162

തിരുവനന്തപുരം: പാചകവിദഗ്ധര്‍ക്കായി സംഘടിപ്പിക്കുന്ന പ്രാദേശിക മത്സരത്തിന് അപേക്ഷകരില്‍നിന്നു ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്ത് പരമാവധി മത്സരാര്‍ഥികളെ ഉള്‍പ്പെടുത്താന്‍ കേരള ടൂറിസം അവസരമൊരുക്കുന്നു. പാചകമത്സരത്തില്‍ പങ്കെടുക്കാനായി പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം സെപ്റ്റംബര്‍ 8 വരെ നീട്ടി.
പുതുക്കിയ സമയക്രമപ്രകാരം പ്രാദേശിക യോഗ്യതാമത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ നടക്കും. പാചകരംഗത്തെ വിദഗ്ധരുടെ ജഡ്ജിംഗ് പാനല്‍ തെരഞ്ഞെടുത്ത മത്സരാര്‍ഥികള്‍ക്ക് സ്‌പൈസസ് റൂട്ട് കളിനറി ഫെസ്റ്റിവലിന്റെ അവസാനദിവസമായ സെപ്റ്റംബര്‍ 26ന് കൊച്ചി ബോള്‍ഗാട്ടി പാലസ് ആന്‍ഡ് റിസോര്‍ട്ട്‌സില്‍ നടക്കുന്ന ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

പ്രൊഫഷനലുകളും അല്ലാത്തവരുമായ പാചകപ്രേമികളായ അപേക്ഷകരുടെ അത്ഭുതകരമായ പ്രതികരണം കണക്കിലെടുത്താണ് പ്രാദേശിക മത്സരങ്ങളുടെ അപേക്ഷാതിയതി നീട്ടാനും മത്സരങ്ങള്‍ പുനക്രമീകരണം ചെയ്യാനുമുള്ള തീരുമാനമെടുത്തതെന്ന് കേരള ടൂറിസം ടയറക്ടര്‍ ശ്രീ. യു.വി. ജോസ് പറഞ്ഞു. പരമാവധി പൊതുപങ്കാളിത്തം ഉറപ്പാക്കാന്‍ പുതുക്കിയ സമയക്രമംകൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീ. ജോസ് പറഞ്ഞു.
പ്രൊഫഷണല്‍, അമെച്വര്‍ പാചകതത്പരര്‍ക്ക് പങ്കെടുക്കാവുന്ന മത്സരത്തിലെ വിജയിക്കുന്ന മത്സരാര്‍ഥിയേയും രണ്ടും മൂന്നും സ്ഥാനം നേടിയവരേയും ഭക്ഷ്യമേളയുടെ സമാപനച്ചടങ്ങില്‍ സമ്മാനം നല്‍കി ആദരിക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ഥികള്‍ക്കും കേരളാ ടൂറിസം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

കേരളാ ടൂറിസം വൈബ്‌സൈറ്റില്‍നിന്ന് (www.keralatourism.org/culinary-festival) ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോമുകള്‍ ഏറ്റവും അടുത്തുള്ള മത്സരകേന്ദ്രത്തിലേക്ക് സെപ്റ്റംബര്‍ എട്ടിനുള്ളില്‍ ഇ-മെയിലായി അയക്കേണ്ടതാണ്. മത്സരകേന്ദ്രങ്ങള്‍: സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, കോഴിക്കോട് (ഫോണ്‍: 0495-2385861, ഇ-മെയില്‍ :
​sihmcalicut@gmail.com), ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, കളമശ്ശേരി (ഫോണ്‍: 0484-2558385, ഇ-മെയില്‍:
​foodcraftkly@gmail.com), ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്‌നോളജി, കോവളം, തിരുവനന്തപുരം (ഫോണ്‍:0471-2480283,2480774, ഇ-മെയില്‍:
principal@ihmctkovalam.or).

അപേക്ഷകള്‍ ലഭിച്ചതായുള്ള സ്ഥിരീകരണത്തിനുശേഷം മത്സരത്തില്‍ പങ്കെടുക്കേണ്ട സമയവും സ്ഥലവും മത്സരാര്‍ഥികളെ ഫോണ്‍, എസ്എംഎസ്, ഇ-മെയില്‍ എന്നിവ വഴി അറിയിക്കും.
യുനെസ്‌കൊയും ടൂറിസം മന്ത്രാലയവുമായി സഹകരിച്ചുള്ള കേരളാ ടൂറിസത്തിന്റെ സ്‌പൈസ് റൂട്ട് പ്രോജക്റ്റിന്റെ (സുഗന്ധവ്യഞ്ജന പാതാ പദ്ധതി) കീഴില്‍ സെപ്റ്റംബറില്‍ സംസ്ഥാനം ആതിഥ്യം വഹിക്കുന്ന സ്‌പൈസ് റൂട്ട് കളിനറി (ഭക്ഷ്യ) ഫെസ്റ്റിവലിന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രാചീന നാവിക വാണിജ്യപാതയിലെ രാജ്യങ്ങളില്‍നിന്നായി അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന വിദഗ്ധര്‍ കേരളത്തിന്റെ തനത് വിഭവങ്ങള്‍ പരിചയപ്പെടുകയും പാചക അവതരണങ്ങളിലും ചര്‍ച്ചകളിലും പങ്കെടുക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങളും മത്സരനിയമങ്ങളും കേരള ടൂറിസം വെബ്‌സൈറ്റിലോ മുകളില്‍ സൂചിപ്പിച്ച സ്ഥാപനങ്ങളിലോ ലഭ്യമാണ്.

NO COMMENTS

LEAVE A REPLY