വിദ്യാര്‍ഥികളില്‍ പുകയില പഠനശേഷി കുറയ്ക്കുന്നു, ലഹരി ഉപയോഗത്തിന് വഴിവയ്ക്കുന്നുവെന്ന്: പഠനം

262

കൊച്ചി: എറണാകുളം ജില്ലയിലെ 7500-ല്‍പരം ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ പുകയില ഉപയോഗം പഠനശേഷി കുറയ്ക്കുന്നതായി കണ്ടെത്തി. ശക്തിയേറിയ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിലേക്ക് നയിക്കുന്ന ആരംഭകാല ലഹരിയാണ് പുകയിലയെന്നും പഠനം തെളിയിക്കുന്നു. ബാംഗ്ലൂരിലെ പ്രശസ്തമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സിലെ (നിംഹാന്‍സ്) നടത്തിയ പഠനം ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (കേരള), സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എന്നിവയുമായി സഹകരിച്ചായിരുന്നു പഠനം. ജീവിതത്തില്‍ ഒരിക്കലെങ്കിലും പുകവലിക്കുകയോ പുകയില ഉപയോഗിക്കുകയോ ചെയ്തവരില്‍ 76.3 ശതമാനം പേര്‍ ഒരു വിഷയത്തിലെങ്കിലും പരാജയപ്പെട്ടപ്പോള്‍, പുകയില ഉപയോഗിക്കാത്തവരില്‍ ഇത് 57 ശതമാനം പേര്‍ മാത്രമായിരുന്നു. പരാജയപ്പെട്ട് പഠനത്തില്‍ ഒരു വര്‍ഷം നഷ്ടപ്പെട്ടത് പുകയില ഉപയോഗിക്കാത്തവരില്‍ 9.1 ശതമാനമായിരുന്നെങ്കില്‍ പുകയില ഉപയോക്താക്കളില്‍ ഇത് 24.7 ആയിരുന്നു.

പുകയില ഉപയോക്താക്കളില്‍ മദ്യവും മറ്റ് ലഹരിപദാര്‍ഥങ്ങളും ഉപയോഗിക്കുന്നവരുടെ നിരക്ക് വളരെ കൂടുതലാണെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. പുകയില ഉപയോക്താക്കളില്‍ മദ്യം ഉപയോഗിക്കുന്നവര്‍ 67.8 ശതമാനവും പുകയില ഉപയോഗിക്കാത്തവരില്‍ ഇത് 11 ശതമാനവുമാണ്. ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തിലാകട്ടെ, ഇത് പുകയില ഉപയോക്താക്കളില്‍ 33 ശതമാനവും ഉപയോഗിക്കാത്തവരില്‍ 6.1 ശതമാനവുമാണ്. അതേസമയം, ദക്ഷിണേന്ത്യയിലും കണ്ണൂര്‍ ജില്ലയിലും നടത്തിയ മുന്‍ പഠനങ്ങളെ അപേക്ഷിച്ച് കൗമാരക്കാരായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പുകയില ഉപയോഗത്തിന്റെ തോത് കുറയുന്ന പ്രവണത പഠനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 6.9 ശതമാനം വിദ്യാര്‍ഥികള്‍ (12.5 ശതമാനം ആണ്‍കുട്ടികളും 1.2 ശതമാനം പെണ്‍കുട്ടികളും) ഏതെങ്കിലും തരത്തില്‍ പുകയില ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പഠനവിധേയരായ വിദ്യാര്‍ഥികള്‍ പുകയില ഉപയോഗം ആരംഭിക്കുന്ന ശരാശരി പ്രായം 14 ആണെന്നും 61.7 ശതമാനം പേരില്‍ അപകടകരമായ തോതില്‍ പുകവലി ശീലം ഉണ്ടെന്നും കണ്ടെത്തി.

പല തരത്തിലുള്ള സ്വാധീനങ്ങളില്‍ പെടുന്ന കൗമാരപ്രായക്കാരില്‍ പുകയില ഉപയോഗത്തിന്റെയും മറ്റ് ബന്ധപ്പെട്ട മാനസിക-സാമൂഹിക ഘടകങ്ങളുടെയും വ്യാപനം വിലയിരുത്താനാണ് പഠനം നടത്തിയതെന്ന് ഗവേഷകനും പഠന പ്രബന്ധത്തിന്റെ മുഖ്യ രചയിതാവുമായ ഡോ. ടി.എസ്.ജയസൂര്യ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയിലെ പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന് അധ്യാപകരും രക്ഷിതാക്കളും ക്രിയാത്മകമായി ഇടപെടണമെന്നാണ് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. പുകയില ഉപയോഗം കൊണ്ടുണ്ടാകുന്ന വിവിധ ദൂഷ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടരുകയും ശക്തിപ്പെടുത്തുകയും വേണം. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സമീപം പുകയില വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്യം, മയക്കുമരുന്ന് എന്നിവപോലെ പുകയില ഉപയോഗം പൊതുജന ആരോഗ്യ വിരുദ്ധമാണെന്നതുകൊണ്ടുതന്നെ ഇത് പഴയകാലത്തെ പ്രശ്‌നമാണെന്ന് ഇനി നയകര്‍ത്താക്കള്‍ക്ക് പറയാനാവില്ലെന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ എമറിറ്റസ് പ്രൊഫസര്‍ ഡോ.കെ. ആര്‍. തങ്കപ്പന്‍ പറഞ്ഞു. യുവാക്കളിലെ പുകയില ഉപയോഗം എന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതില്‍ ഉണ്ടാവുന്ന കാലതാമസം ജീവിതശൈലിരോഗങ്ങള്‍ നിറഞ്ഞ സാഹചര്യം എന്ന ബാധ്യതയിലേക്ക് കേരളത്തെ കൊണ്ടെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS