മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഹജ്ജുമായി ബന്ധപ്പെട്ട പരിശോധന കര്‍ശനമാക്കി

180

ജിദ്ദ: മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഹജ്ജുമായി ബന്ധപ്പെട്ട പരിശോധന കര്‍ശനമാക്കി. അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ലക്ഷക്കണക്കിന് പേരെയാണ് വിവിധ പ്രവേശന കവാടങ്ങളില്‍ വെച്ച് പിടി കൂടിയത്. വ്യാജ പാസ്‌പോര്‍ട്ടുകളില്‍ ഹജ്ജിനെത്തിയ വിദേശികള്‍ വിമാനത്താവളത്തില്‍ പിടിയിലായി.
അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്ന തീര്‍ഥാടകര്‍ക്കെതിരെയും അവര്‍ക്ക് യാത്രാ സഹായം ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഒന്നേമുക്കാല്‍ ലക്ഷത്തോളം പേരെ ഇതുവരെ ചെക്ക് പോയിന്റുകളില്‍ നിന്ന് തിരിച്ചയച്ചതായാണ് കണക്ക്. വിദേശികളുടെ വിരലടയാളം രേഖപ്പെടുത്തിയതിനു ശേഷമാണ് വിട്ടയക്കുന്നത്. മക്കയുടെ ചുറ്റുഭാഗതായി ഒമ്പത് പരിശോധനാ കേന്ദ്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്ന വിദേശികള്‍ക്ക് പത്ത് വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനാണ് നീക്കം. ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച നാല്‍പതിനായിരത്തോളം വാഹനങ്ങളും പോലീസ് പിടികൂടി. അതേസമയം ചെക്ക് പോയിന്റുകള്‍ക്ക് പുറമെ നിയമവിരുദ്ധ തീര്‍ഥാടകരെ കണ്ടെത്താന്‍ മക്കയ്ക്കുള്ളിലും പരിശോധന കര്‍ശനമാക്കി. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഏതാനും വ്യാജ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങളെ പിടികൂടി. വിദേശ രാജ്യങ്ങളില്‍ നിന്നും വ്യാജ പാസ്‌പോര്‍ട്ടുകളില്‍ സൗദിയില്‍ എത്തിയ ഇരുപത്തിയാറ് തീര്‍ഥാടകര്‍ ജിദ്ദാ വിമാനത്താവളത്തില്‍ പിടിയിലായി. സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ സൂക്ഷമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരവാദികള്‍ ഹജ്ജ് വിസയില്‍ സൗദിയില്‍ എത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വിദേശത്തുള്ള സൗദി എംബസികള്‍ ഉള്‍പ്പെടെ എല്ലാ കേന്ദ്രങ്ങള്‍ക്കും സൗദി പാസ്‌പോര്‍ട്ട് വിഭാഗം നിര്‍ദേശം നല്‍കി.

NO COMMENTS

LEAVE A REPLY