തുര്‍ക്കി വിമാനത്താവളത്തില്‍ ചാവേര്‍ സ്ഫോടനം

201

ഇസ്താംബുള്‍ (തുര്‍ക്കി) • തുര്‍ക്കിയിലെ ഇസ്താംബൂള്‍ അറ്റാര്‍ടക് വിമാനത്താവളത്തിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. നൂറ്റമ്ബതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. വിമാനത്താവളത്തിലേക്കെത്തി മൂന്നു ചാവേറുകള്‍ വെടിവയ്പ്പു നടത്തിയതിനുശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് സംശയിക്കുന്നതായി തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം പറഞ്ഞു. എന്നാല്‍ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആക്രമണം. ചാവേറുകളെ തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും അതിനുമുന്‍പ് അവര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുര്‍ക്കി പൗരന്മാരും വിദേശികളും മരിച്ചവരിലുള്‍പ്പെടുന്നു. രാജ്യാന്തര പുറപ്പെടല്‍ ഭാഗത്താണ് സ്ഫോടനമുണ്ടായത്. രണ്ട് സ്ഫോടനങ്ങളാണ് നടന്നത്. സ്ഫോടനം നടത്തും മുമ്ബ് ഭീകരര്‍ ജനങ്ങള്‍ക്കു നേരെ വെടിവയ്പ്പും നടത്തി. എ.കെ.47 അടക്കമുളള ആയുധങ്ങളും ചാവേറുകളുടെ പക്കലുണ്ടായിരുന്നു. സെക്യൂരിറ്റി ഗേറ്റ് കടക്കുന്നതിനു തൊട്ടുമുമ്ബായിരുന്നു ആക്രമണം.
സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളം സീല്‍ ചെയ്തു. ഇവിടെനിന്നുള്ള സര്‍വീസുകള്‍ എല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. അമേരിക്കയ്ക്കും ഇസ്താംബൂളിനും ഇടയിലുള്ള എല്ലാ വിമാനങ്ങളും നിലത്തിറക്കിയിട്ടുണ്ട്.
രാജ്യാന്തര തലത്തില്‍ ഭീകരവാദം ഭീഷണിയായതിന് തെളിവാണ് ആക്രമണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിരപരാധികളെ ലക്ഷ്യം വയ്ക്കുന്ന ഇത്തരം ആക്രമണങ്ങള്‍ വളരെ ഹീനമാണ്. ടാക്സിയിലെത്തിയ ചാവേറുകള്‍ വെടിവയ്പ്പു നടത്തിയതിനുശേഷം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്നും അദ്ദേഹം പറഞ്ഞു.
പൊട്ടിത്തെറിയില്‍ വിമാനത്താവളത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ പ്രകമ്ബത്തില്‍ തറയിലേക്ക് എടുത്തെറിയപ്പെട്ടുവെന്ന് യാത്രക്കാര്‍ പറഞ്ഞു. എല്ലാവരും ഭയന്നോടുകയായിരുന്നു. വിമാനത്താവളത്തിലെല്ലാം രക്തവും ചിന്നിച്ചിതറിയ ശരീര ഭാഗങ്ങളുമാണ്. വാതിലുകളില്‍ വെടിയുണ്ട തറച്ച്‌ ദ്വാരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
Dailyhunt

NO COMMENTS

LEAVE A REPLY