തൃശൂര്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു – സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി

60

തൃശൂരിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാ പിക്കണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി. പലരുടേയും രോഗ ഉറവിടം കണ്ടെത്താനാകാത്തതിനാല്‍ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണ്. വ്യാഴാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 14 പേര്‍ക്ക് രോഗം ബാധിച്ചത് . നിലവില്‍ ജില്ലയിലൊട്ടാകെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. മൂന്ന് മണിക്കുള്ള യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സെന്‍ട്രല്‍ വെയര്‍ഹൗസ് ഗോഡൗണിലെ നാല് ചുമട്ടുതൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗോഡൗണ്‍ അടച്ചിട്ടുണ്ട്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടുത്ത കുറച്ച്‌ ദിവസങ്ങളില്‍ ആശുപത്രിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് പി.കെ. ശ്രീജ അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ടോടെയാണ് ആശുപത്രിയിലെ അഞ്ച് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തു വന്നത്. ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരെയും കഴിഞ്ഞദിവസം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി യിരുന്നു. ആശുപത്രിയില്‍ അടിയന്തര സാഹചര്യത്തിലല്ലാതെ ഒരു രോഗിയെയും ചികിത്സിക്കില്ല. മറ്റ് സേവനങ്ങള്‍ ക്കും നിയന്ത്രണമുണ്ടാകും.

കോര്‍പ്പറേഷന്‍ കോമ്ബൗണ്ടിലേയ്ക്ക് കൗണ്‍സിലര്‍മാരുടെയും ഓഫീസ് ജീവനക്കാരുടെയും വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. മുന്‍വശത്തുള്ള പ്രധാന ഗേറ്റുകളില്‍ കൂടി പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. അഴീക്കോടന്‍ രാഘവന്‍ റോഡില്‍ നിന്നുള്ള ഗേറ്റില്‍ കൂടി മാത്രമേ ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകൂ.

ജില്ലയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയിലും കൊക്കാലയിലുമുള്ള ആശുപത്രികളില്‍ ചികിത്സയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രവൃത്തിസമയങ്ങളില്‍ അടിയന്തര ചികിത്സ വേണ്ട മൃഗങ്ങളെ മാത്രമേ പരിശോധിക്കൂ.

തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും നിയന്ത്രണമേര്‍പ്പെടുത്തി. ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന നാല് ശുചീകരണ തൊഴിലാളികള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ മെയിന്‍, സോണല്‍ ഓഫീസുകളിലേയ്ക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിക്കും.

സമ്പർക്കത്തിലൂടെ ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തൃശൂരില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. നിയന്ത്രണങ്ങള്‍ സംബന്ധിച്ചും മറ്റു നടപടികളെ കുറിച്ചും യോഗത്തില്‍ തീരുമാനമാകും.

NO COMMENTS