സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്

169

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. പുതുവര്‍ഷത്തിലെ ആദ്യ ശമ്പളവും പെന്‍ഷനും വാങ്ങാന്‍ ബാങ്കിലും ട്രഷറികളിലും ഇന്ന് നല്ല തിരക്കായിരുന്നു. 2008ലെ ലോക സാമ്പത്തിക മാന്ദ്യത്തിന് തുല്യമാണ് നോട്ട് അസാധുവാക്കലിന് ശേഷമുള്ള സാമ്പത്തിക സ്ഥിതിയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. മാന്ദ്യം മറികടക്കാന്‍ സംസ്ഥാനങ്ങളുടെ വായ്പാ പരിധി വരുമാനത്തിന്റെ മൂന്ന് ശതമാനം എന്നത് നാലാക്കി ഉയര്‍ത്തണമെന്നും എട്ടാം ജിഎസ്ടി കൗണ്‍സിലില്‍ തോമസ് ഐസക് ആവശ്യപ്പെട്ടു.
പുതുവര്‍ഷത്തിലെ ആദ്യ പ്രവൃത്തിദിനത്തില്‍ ട്രഷറികളില്‍ വന്‍തിരക്കുണ്ടായെങ്കിലും ഡിസംബറിലെ പോലെ വലിയ പ്രതിസന്ധി ഉണ്ടായില്ല. റിസര്‍വ് ബാങ്ക് കൂടുതല്‍ കറന്‍സി നല്‍കിയതും ട്രഷറികളിലെ നീക്കിയിരുപ്പുമാണ് തുണച്ചത്. എന്നാല്‍ തെക്കന്‍ കേരളത്തെ അപേക്ഷിച്ച് മലബാറില്‍ ആവശ്യത്തിന് കറന്‍സി ലഭ്യമാക്കിയില്ലെന്ന പരാതിയുണ്ട്. സാങ്കേതിക പിഴവുകാരണം, തലസ്ഥാനത്തടക്കം ചിലയിടങ്ങളില്‍ പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടു. കറന്‍സി വിതരണം സുതാര്യമാക്കണമെന്നും ചില്ലറക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ തിരുവനന്തപുരത്തെ ആര്‍ബിഐ റീജ്യണല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

NO COMMENTS

LEAVE A REPLY