നടവരവില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ചെലവാക്കുന്നില്ലെന്ന് തോമസ് ഐസക്

165

തിരുവനന്തപുരം : ശബരിമല നടവരവില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ചെലവാക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ശബരിമലയുടെ വരുമാനമത്രയും സര്‍ക്കാരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന ഹീനമായ പ്രചരണം നടക്കുകയാണ്. എന്നാല്‍ നടവരവില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ചെലവാക്കുന്നില്ല. മാത്രമല്ല ശബരിമലയിലെ തീര്‍ത്ഥാടന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഖജനാവില്‍ പണം മുടക്കുന്നുമുണ്ടെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശബരിമലയുടെ വരുമാനമത്രയും സര്‍ക്കാരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന ഹീനമായ പ്രചരണം കൊണ്ടുപിടിച്ചു നടക്കുകയാണ്. ഈയിടെ തമിഴ്നാട്ടില്‍ നിന്നു വന്ന വാഹനത്തില്‍ കയറി ഏതോ സംഘപരിവാറുകാരന്‍ പച്ചനുണ പറയുന്ന ഒരു വീഡിയോയും കണ്ടു. നടവരവില്‍ നിന്ന് ഒരു നയാപൈസപോലും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ചെലവാക്കുന്നില്ല. എന്നു മാത്രമല്ല, ശബരിമലയിലെ തീര്‍ത്ഥാടനസൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഖജനാവില്‍
പണം മുടക്കുന്നുമുണ്ട്. ഇക്കാര്യങ്ങളൊക്കെ വിശ്വാസികളില്‍ നിന്ന് മറച്ചു പിടിക്കാമെന്നാണ് ചിലരുടെ വ്യാമോഹം. വിശ്വാസികളെന്നാല്‍ ഇക്കൂട്ടരുടെ പ്രചരണം മാത്രം വിശ്വസിക്കുന്ന ചിന്താശേഷിയില്ലാത്ത ആളുകളാണെന്നാണല്ലോ ധാരണ.

ഇപ്പോള്‍ ശബരിമല മാസ്റ്റര്‍പ്ലാനില്‍ 142 കോടിയുടെ പ്രോജക്ടുകള്‍ക്ക് പണം അനുവദിക്കാന്‍ കിഫ്ബി തീരുമാനിച്ചിട്ടുണ്ട്. പമ്ബയില്‍ 10 എംഎല്‍ഡി സ്വീവേജ് ട്രീറ്റ്മെന്റ്പ്ലാന്റ്, നിലയ്ക്കലിലും റാന്നിയിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള ഭൌതികസൌകര്യങ്ങള്‍, എരുമേലിയിലും പമ്ബയിലും കീഴില്ലത്തും ഇടത്താവളം തുടങ്ങിയവാണ് ഈ ഘട്ടത്തില്‍ പണി പൂര്‍ത്തീകരിക്കുന്നത്. പദ്ധതിയുടെ എസ്പിവിയായി ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റ് ഫണ്ട് എന്ന ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ട്.

സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുമെന്ന് എസ്പിവി ഉറപ്പുവരുത്തും. രണ്ടുവര്‍ഷത്തിനകം പമ്ബയില്‍ സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. അടുത്ത അമ്ബതു വര്‍ഷത്തെ ശബരിമലയുടെ വികസനം മുന്നില്‍ക്കണ്ടാണ് മാസ്റ്റര്‍ പ്ലാനിനു രൂപം നല്‍കിയിരിക്കുന്നത്.

ഇതിനുപുറമെ ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് കഴിഞ്ഞ വര്‍ഷം വകയിരുത്തിയ 140 കോടി ഇക്കൊല്ലം 200 കോടിയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മറ്റു നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 91.76 കോടിയും കുടിവെള്ളത്തിന് 1.22 കോടിയും ഈ സാമ്ബത്തികവര്‍ഷമുണ്ട്. ശബരിമലയില്‍ പോലീസ് ഡ്യൂട്ടിയ്ക്ക് 8.5 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിനു പുറമെ വകയിരുത്തിയിരിക്കുന്നത്. ഭക്തര്‍ക്കു വേണ്ട സൌകര്യങ്ങളൊരുക്കാന്‍ ശബരിമലയ്ക്കു സമീപമുള്ള പഞ്ചായത്തുകള്‍ക്ക് 3.2 കോടിയാണ് ഈ വര്‍ഷം വകയിരുത്തല്‍.

2016-17ലെ ബജറ്റിലാണ് ശബരിമലയ്ക്കായി ഈ മാസ്റ്റര്‍ പ്ലാന്‍ വിഭാവനം ചെയ്തത്. ശബരിമലയുടെ പാരിസ്ഥിതിക പ്രത്യേകതകള്‍ നിലനിര്‍ത്തി ഭക്തര്‍ക്ക് കൂടുതല്‍ സൌകര്യങ്ങള്‍ സൃഷ്ടിക്കും. വാഹന, ഗതാഗത മാനേജ്മെന്റ്, ജലശുദ്ധീകരണം, ബേസ് ക്യാമ്ബുകളുടെ വികസനം, ആരോഗ്യസംവിധാനങ്ങളും ആശുപത്രി സൌകര്യവുമൊരുക്കല്‍, വാര്‍ത്താവിനിമയ സംവിധാനം മെച്ചപ്പെടുത്തല്‍ എന്നിവയാണ് മാസ്റ്റര്‍ പ്ലാനിന്റെ ലക്ഷ്യം.

NO COMMENTS