തൊടുപുഴയിലെ കൂട്ടകൊലപാതകം ; രണ്ട് പേർ പിടിയില്‍

183

ഇടുക്കി : ഇടുക്കി വണ്ണപ്പുറത്തിനും സമീപം കമ്പകക്കാനത്ത് കാനാട്ടുവീട്ടില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേർ പൊലീസ് പിടിയില്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്യുകയാണ്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ബുധനാഴ്ചയോടെയാണ് തൊടുപുഴ കമ്പകക്കാനത്ത് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജ്ജുന്‍ എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് കൊലനടത്തിയതെന്ന് പോലീസ് പറയുന്നു. ആരും മൃതദേഹങ്ങള്‍ കണ്ടുപിടിക്കില്ല എന്ന ഉദ്ദേശത്തോടെയല്ല കൊല നടത്തിയവര്‍ ഇത് ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്. വ്യക്തമായ പ്ലാനിങ്ങോടെ എത്തിയ മൂന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്നാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

അക്രമിസംഘം കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാലുപേരുടേയും മൃതദേഹത്തില്‍ 10 മുതല്‍ 20 വരെ മുറിവുകള്‍ പോസ്റ്റുമാര്‍ട്ടത്തില്‍ കണ്ടെത്തി.വീടിന് പുറത്തേക്ക് ആരേയും കാണാതായതോടെ പരിസരവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് 10 മീറ്റര്‍ അകലെയുള്ള നാലടി മാത്രം ആഴമുള്ള ചാണകകുഴിയില്‍ നിന്നാണ് നാലുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

NO COMMENTS