ഇവരും നമ്മുടെ കുട്ടികൾ: കൊറോണക്കാലത്ത് കരുതലോടെ കാവൽ

80

തിരുവനന്തപുരം: കോവിഡ് 19 കൂടുന്ന സമയത്ത് നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്ക് (കേസിൽപ്പെട്ട കുട്ടികൾ) കൂടുതൽ ശ്രദ്ധയും സംരക്ഷണവും നൽകുവാൻ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ബാംഗ്ലൂർ നിംഹാൻസിന്റെ സാങ്കേതിക സഹായത്തോടെയും 28 സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും നടപ്പിലാക്കി വരുന്ന കരുതൽ പദ്ധതി ശക്തിപ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

പൊതുവെ അടങ്ങിയിരിക്കാൻ കഴിയാത്തവരാണ് കൗമാരക്കാരായതിനാൽ ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ അതീവ ജാഗ്രതയിലായിരുന്നു കാവൽ പ്രവർത്തകർ. അവരുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനായി വളരെയേറെ ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പലതരത്തിലുള്ള മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കാവൽ കുട്ടികളെ വിവിധ ഇടപെടലുകളിലൂടെയും നിരന്തര ആശയ വിനിമയത്തിലൂടെയും പ്രവർത്തനനിരതമാക്കുകയാണ് കാവൽ പ്രവർത്തകർ. പെട്ടെന്നുണ്ടായ നിയന്ത്രണങ്ങൾ കുട്ടികൾക്കും അവരുടെ കുടുബങ്ങൾക്കും വലിയ വെല്ലുവിളിയായിയിരുന്നു.

ഓരോ കുട്ടിയെയും കുടുംബത്തെയും എല്ലാ ദിവസവും ഫോൺ വഴി ബന്ധപ്പെടുന്നു. അവരുടെയും അവരുടെ രക്ഷിതാക്കളുടെയും അവസ്ഥ കൃത്യമായി മനസിലാക്കി, അവർക്കു കോവിഡ് പ്രതിരോധനത്തിനായി ഒരുക്കിയിട്ടുള്ള പദ്ധതികളുമായി ബന്ധപ്പെടുത്തുന്നു. മാനസിക സമ്മർദ്ദം കുറക്കാനായി ചെയ്യാവുന്ന കളികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നൽകുന്നു.

ലഹരി വിമുക്ത ചികിത്സ കഴിഞ്ഞതും കൂടുതൽ ശ്രദ്ധ ആവശ്യമായതുമായ കുട്ടികളെ സർക്കാർ ഒബ്സർവേഷൻ ഹോമുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. റേഷൻ കാർഡില്ലാത്ത കുടുംബങ്ങൾക്ക് റേഷൻ ലഭിക്കുവാൻ സഹായിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങൾ കാണിച്ച മാതാപിതാക്കൾക്കും കുട്ടികൾക്കും ചികിത്സയും മരുന്നും ഉറപ്പാക്കി. വീഡിയോ കോളുകളിലൂടെ അവബോധ രൂപീകരണം, കൗൺസലിങ് എന്നിവ കൃത്യമായി നൽകുന്നതിലൂടെ കുട്ടികൾ ലോക്ക് ഡൗൺ ലംഘിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യുന്നു. ഇത്തരം കുട്ടികളെ കമ്മ്യൂണിറ്റി കിച്ചനുകളിൽ പ്രവർത്തന പങ്കാളികളാക്കുന്നതിലും ചില ജില്ലകൾ വിജയിച്ചു.

കുട്ടികളെയും കുടുംബങ്ങളെയും ഒരുമിച്ച് പങ്കെടുപ്പിക്കുന്ന പാചകം, ടിക്ടോക് വീഡിയോ, കരകൗശല വസ്തു നിർമാണം, പച്ചക്കറിതോട്ട നിർമാണം, ഫോട്ടോഗ്രാഫി, ചിത്രരചന, കഥാരചന തുടങ്ങിയ പ്രവർത്തനങ്ങൾ നിത്യവും വീടുകളിൽ കാവൽ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട മത്സരങ്ങളും ചില ജില്ലകളിൽ നടത്തി വരുന്നു. ഈ പ്രവർത്തനങ്ങൾ വഴി കുടുംബത്തിലെ അംഗങ്ങൾക്കിടയിലെ ആത്മബന്ധം, പരസ്പര സഹായങ്ങൾ, സംഭാഷണം എന്നിവ മികച്ചതാക്കാൻ കഴിഞ്ഞു.

ദിവസേന ഈ പരിപാടികൾ തുടരുന്നതിലൂടെ കുട്ടികളുടെ കഴിവുകളെ പ്രേത്സാഹിപ്പിക്കുകയും മിടുക്കരായ കുട്ടികളെ അനുമോദിക്കുകയും ചെയ്യുന്നു. ദു:ഖങ്ങളും സംഘർഷങ്ങളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങിയ കുട്ടികളാണ് പൊതുവെ കേസിൽ പെടാറുള്ളത്. കോവിഡ് കാലഘട്ടത്തെ ഫലപ്രദമായി ഉപയോഗിച്ച സമൂഹത്തിൽ സ്വീകാര്യരായി മാറുകയാണ് ഇന്നിവർ. കാവൽ പ്രവർത്തകർ അനുഭവിക്കുന്ന സമ്മർദ്ദം ലഘൂകരിക്കുന്നതിനും വിവിധ പരിപാടികൾ ജില്ലാ അടിസ്ഥാനത്തിൽ നടപ്പാലാക്കി വരുന്നുണ്ട്.

2016 മുതൽ കേരളത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കാവൽ. 14 ജില്ലകളിലുമായി 1943 കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും നിരന്തര ശ്രദ്ധയും പരിചരണവും നൽകി പുനരധിവാസം ഉറപ്പാക്കുന്നു. ജില്ലാ ശിശു സംരക്ഷണ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ നടത്തുന്ന പദ്ധതി ബാലനീതി ബോർഡിന്റെ നിയന്ത്രണത്തിലാണ്.

ചൈൽഡ് വെൽഫയർ കമ്മറ്റികൾ, പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം, നിയമ സഹായ സമിതി, വിവിധ വകുപ്പുകൾ തുടങ്ങി സർക്കാർ സർക്കാരിതര സംവിധാനങ്ങളുടെ കൂട്ടായപ്രവർത്തനമാണ് കാവൽ.
പദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരിക്കൽ നിയമവുമായി പൊരുത്തപ്പെടാനാകാത്ത സാഹചര്യത്തിൽപ്പെട്ട കുട്ടി വീണ്ടും കേസിൽ പെടുന്നത് 14% നിന്നും (2015) 3.4% ആയി (2019) കുറയ്ക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിൽ തന്നെ നിയമവുമായി പൊരുത്തപ്പെടുവാനാകാത്ത കുട്ടികൾക്ക് വേണ്ടി നടപ്പാക്കിയ സമഗ്ര പദ്ധതിയാണ് കാവൽ. കേസിൽപ്പെട്ട കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ സംസ്ഥാനങ്ങൾ ഈ കാവൽ മാതൃക നടപ്പാക്കാൻ തയ്യാറായി വന്നിട്ടുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

NO COMMENTS