വോട്ട് രേഖപ്പെടുത്തി തിരികെ ലഭിച്ചത് 60.97% പോസ്റ്റൽ, സർവീസ് വോട്ടുകൾ

140

ഇ.ടി.പി.ബി.എസ് വോട്ടുകൾ എണ്ണുന്നത് ക്യു. ആർ കോഡ് സ്‌കാൻ ചെയ്ത ശേഷം ബുധനാഴ്ച വൈകിട്ടു വരെ സംസ്ഥാനത്ത് വരണാധികാരികൾക്ക് വോട്ട് രേഖപ്പെടുത്തി തിരികെ ലഭിച്ചത് 60.97% പോസ്റ്റൽ, സർവീസ് വോട്ടുകൾ. രണ്ടു വിഭാഗങ്ങളിലുമായി ആകെ 1,16,816 വോട്ടുകളാണ് അനുവദിച്ചിരുന്നത്.

സൈനിക ഉദ്യോഗസ്ഥർക്കായി സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങളിൽ ഈ തിരഞ്ഞെടുപ്പിന് അനുവദിച്ചത് 53,299 സർവീസ് വോട്ടുകളാണ് (ഇ.ടി.പി.ബി.എസ് – ഇലക്ട്രോണിക്കലി ട്രാൻസ്‌ഫേഡ് പോസ്റ്റൽ ബാലറ്റ് സർവീസ്). ഇതിൽ 32,199 എണ്ണമാണ് വോട്ട് രേഖപ്പെടുത്തി തിരികെയെത്തിയത്.

പോലീസുകാർ ഉൾപ്പെടെ സർക്കാർ ജീവനക്കാർക്കായി അനുവദിച്ച പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം 63,517 ആണ്. ഇതിൽ 39,025 എണ്ണം തിരികെ ലഭിച്ചിട്ടുണ്ട്. ഇ ടി.പി.ബി.എസ് വഴി ലഭിച്ച ബാലറ്റുകളിലെ ക്യൂ. ആർ കോഡ് സ്‌കാൻ ചെയ്ത ശേഷമേ ഈ വോട്ടുകളുടെ എണ്ണൽ ആരംഭിക്കൂ. ഇത് നിർബന്ധമാണ്. ഈ പ്രക്രിയ സമയമെടുക്കുന്നതായതിനാൽ ഇ.ടി.പി.ബി.എസ് വോട്ടുകളുടെ എണ്ണലിന് സമയം കൂടുതൽ എടുക്കും. ഇക്കാര്യം എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്.

ഒരു മണ്ഡലത്തിലെ വിജയ ഭൂരിപക്ഷം അവിടെ അപാകതകൾ കാരണം നിരസിച്ച പോസ്റ്റൽ വോട്ടുകളേക്കാൾ കുറവാണെങ്കിൽ നിരസിച്ച ബാലറ്റുകൾ വീണ്ടും പരിശോധിക്കണമെന്ന് വരണാധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ഇത്തരത്തിൽ പരിശോധിക്കുമ്പോൾ ഈ പ്രക്രിയ പൂർണമായി വീഡിയോയിൽ ചിത്രീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

NO COMMENTS