ഓണത്തെ വരവേല്‍ക്കാന്‍ അരുവിക്കരയും

22

തിരുവനന്തപുരം : നാടും നഗരവും ഓണത്തെ വരവേല്‍ക്കുമ്പോള്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അരുവി ക്കരയും ഒരുങ്ങുകയാണ്. അരുവിക്കര പഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം വരാഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബര്‍ ആറിന് തിരി തെളിയും. ജി. സ്റ്റീഫന്‍ എം.എല്‍.എ മേള ഉദ്ഘാടനം ചെയ്യും.

അരുവിക്കരയ്ക്ക് ഉത്സവച്ഛായ പകരുന്ന ഓണാഘോഷ പരിപാടികള്‍ ഇത്തവണയും വര്‍ണ്ണാഭമാകും.അരുവിക്കര ഡാം സൈറ്റിലാണ് ഓണാഘോഷ മേള നടക്കുന്നത്. ഡാം സൈറ്റും പരിസര പ്രദേശങ്ങളും പൂര്‍ണ്ണമായും വൈദ്യുത ദീപങ്ങ ളാല്‍ അലങ്കരിക്കും. ദീപാ ലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഉദ്ഘാടന ദിവസം നടക്കും.

വിവിധ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, നഴ്സറികള്‍, കുടുംബശ്രീ എന്നിവരുടെ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും മേളയുടെ ഭാഗമായി ഉണ്ടാകും. 55 വിപണന സ്റ്റാളുകളാണ് മേളയില്‍ സജ്ജീകരിക്കുന്നത്. തനത് രുചികള്‍ വിളമ്പുന്ന കുടുംബശ്രീയുടെ സ്റ്റാളുകള്‍ ഉള്‍പ്പെടെ വിവിധ സംരംഭകരുടെ ഫുഡ് കോര്‍ട്ടും പ്രവര്‍ത്തിക്കും. കുട്ടികളുടെ വിനോദത്തി നായി അമ്യൂസ്മെന്റ് പാര്‍ക്ക്, മ്യൂസിക് ഫൗണ്ടെയ്ന്‍ എന്നിവയും മേളയിലുണ്ടാകും.

എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ വിവിധ കലാകാരന്മാരുടെ സംഗീത – നൃത്ത പരിപാടികള്‍,നാടന്‍ കലാരൂപങ്ങള്‍ എന്നിവ അരങ്ങേറും. കോവിഡ് നിയന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മേള നടക്കുന്നത്. ജനത്തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും മേളയില്‍ ഒരുക്കുമെന്നും ഇതിനായി പോലീസ്, ഫയര്‍ഫോഴ്‌സ് മറ്റ് അവശ്യ സര്‍വീസുകളുടെ മുഴുവന്‍ സമയ സേവനം മേളയില്‍ ലഭ്യമാക്കുമെന്ന് അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു പറഞ്ഞു.

NO COMMENTS