നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സമ്പൂർണ ശുചിത നാടാക്കി മാറ്റുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി

13

വരുന്ന നാലു വർഷത്തിനുള്ളിൽ കേരളത്തെ സമ്പൂർണ ശുചിത്വ നാടാക്കി മാറ്റണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. സർക്കാർ ഓഫിസ് സമുച്ചയങ്ങൾ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി(എം.സി.എഫ്)കളുടെ സംസ്ഥാനതല ഉദ്ഘാടനം വികാസ് ഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഫണ്ട് ഉപയോഗിച്ച് ആദ്യഘട്ടമായി ഒമ്പതു ജില്ലകളിൽ 32 കേന്ദ്രങ്ങൾ നിർമിക്കാനാണു സർക്കാർ തീരുമാനിച്ചിരുന്നുത്. ഇതിൽ നിർമാണം പൂർത്തീകരിച്ച 15 കേന്ദ്രങ്ങളാണു സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി നാടിനു സമർപ്പിച്ചത്. ഓഫിസുകളിലെ അജൈവമാലിന്യങ്ങളാണുകളക്ഷൻ സെന്ററുകളിൽ ഹരിത കർമ സേനയുടെ സഹായത്തോടെ ശേഖരിച്ചു തരംതിരിക്കും. തരംതിരിച്ച മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. 500 ചതുരശ്രഅടി വിസ്തീർണ്ണമുള്ള കളക്ഷൻ ഫെസിലിറ്റി കെട്ടിടത്തിന് 10 ലക്ഷം രൂപയാണ് നിർമാണ ചെലവ്.

തിരുവനന്തപുരം ജില്ലയിൽ വികാസ് ഭവൻ, സ്വരാജ്ഭവൻ, പബ്ലിക് ഓഫിസ്, ഫോറസ്റ്റ് ഓഫിസ്, പി.റ്റി.പി നഗർ എന്നിവിടങ്ങളിലും കൊല്ലം ജില്ലയിൽ ഫോറസ്റ്റ് ഓഫിസ്, വിക്ടോറിയ ഹോസ്പിറ്റൽ, പുനലൂർ താലൂക്ക് ഓഫിസ്, ഡിസ്ട്രിക്ട് പൊലീസ് ചീഫ് റൂറൽ ഓഫിസ് കൊട്ടാരക്കര, സിറ്റി പൊലീസ് കമ്മിഷണർ ഓഫിസ് കൊല്ലം, പത്തനംതിട്ടയിൽ സിവിൽ സ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷൻ, തൃശൂർ ജില്ലയിൽ ഫോറസ്റ്റ് ഓഫിസ്,കോഴിക്കോട് ജില്ലയിൽ മെഡിക്കൽ കോളജ് ആശുപത്രി, സിവിൽ സ്റ്റേഷൻ, കണ്ണൂർ ജില്ലയിൽ ഫോറസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടം കളക്ഷൻ ഫെസിലിറ്റി നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്.
നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ടി.എൻ. സീമ, തിരുവനന്തപുരം വാർഡ് കൗൺസിലർ പാളയം രാജൻ, ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ്‌കുമാർ, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ടി.കെ. ഷിബുജാൻ, സംഘടനാ ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

NO COMMENTS