ഫ്ളാറ്റുകളിലെ താമസക്കാര്‍ സ്വയം ഒഴിയുന്നു

121

കൊച്ചി: തീര പരിപാലന നിയമം ലംഘിച്ച്‌ നിര്‍മിച്ച ഫ്ളാറ്റുകളിലെ താമസക്കാര്‍ സ്വയം ഒഴിയുന്നു. മൂന്നാം തീയതിക്കു മുമ്പ് ഒഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് പരമാവധി ശ്രമിക്കുമെന്നും കോടതി ഉത്തരവായതിനാല്‍ പ്രതിഷേധങ്ങള്‍ക്കില്ലെന്നും ഫ്ലാറ്റുടമകള്‍ പറഞ്ഞു. ഇതോടെ സുപ്രീംകോടതി ഉത്തരവ് ഒരു തടസ്സവുമില്ലാതെ നടപ്പാകാന്‍ കളമൊരുങ്ങി.

ഏതാനും ആവശ്യങ്ങളുന്നയിച്ച്‌ ഞായറാഴ്ച രാവിലെ ഫ്ളാറ്റുടമകള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം മൂന്നുമണിയോടെ പിന്‍വലിച്ചു. മരട് ഭവനസംരക്ഷണ സമിതി ഭാരവാഹികള്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നായിരുന്നു ഇത്.

അന്തേവാസികള്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കണം, പകരം കണ്ടെത്തിയിട്ടുള്ള താമസസ്ഥലങ്ങള്‍ മികച്ചതാണെന്ന് ഉറപ്പാക്കണം, നഷ്ടപരിഹാരം ലഭിക്കുന്നതുവരെ വാടക സര്‍ക്കാര്‍ നല്‍കണം, ഒഴിഞ്ഞുപോകാന്‍ കൂടുതല്‍ സമയം നല്‍കണം, ഇറങ്ങും മുമ്ബ് ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ നല്‍കണം, ഇറങ്ങിപ്പോകും വരെ വൈദ്യുതിയും വെള്ളവും നല്‍കണം എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യങ്ങള്‍.

നോട്ടീസ് നല്‍കാമെന്ന് കളക്ടര്‍ സമ്മതിച്ചതായി മരട് ഭവനസംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു. പകരം കണ്ടെത്തിയ 510 ഫ്ലാറ്റുകള്‍ മികച്ചതാണെന്ന് ഉറപ്പുലഭിച്ചതായും അദ്ദേഹം പറഞ്ഞു. വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. വാടക അഡ്വാന്‍സ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ വീതം നല്‍കണമെന്ന് സമരക്കാര്‍ കളക്ടറോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഉറപ്പൊന്നും നല്‍കിയില്ല. പ്രതിമാസ വാടക താമസക്കാര്‍തന്നെ നല്‍കും. സാധനങ്ങള്‍ കൊണ്ടുപോകുന്ന വണ്ടികളുടെ ചെലവ് വഹിക്കുന്ന കാര്യം പരിഗണിക്കാമെന്ന് അധികൃതര്‍ പറഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.

കെട്ടിടങ്ങള്‍ പൊളിക്കുന്നതിനു മുമ്ബ് ഫ്ളാറ്റുകളുടെ മൂല്യം കണക്കാക്കാന്‍ അവസരമൊരുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം നല്‍കാന്‍ സര്‍ക്കാരിന് കത്തെഴുതുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എം. സ്വരാജ് എം.എല്‍.എ. പറഞ്ഞു.

കോടതിവിധിയെ പൂര്‍ണമായും മാനിക്കുന്നതിനാല്‍ സ്വയം ഒഴിഞ്ഞുപോകുകയാണെന്ന് ഫ്ളാറ്റുടമകളുടെ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന തിരുത്തല്‍ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ട്. ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്, സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

NO COMMENTS