സംഗീതത്തിന്റെ മതം സ്‌നേഹം മാത്രം – ടി പത്മനാഭന്‍ പ്രതിമാസ കലാപരിപാടികള്‍ക്ക് തുടക്കമായി

119

കണ്ണൂർ : സംഗീതത്തിന് മതമോ ജാതിയോ ഇല്ലെന്നും സ്‌നേഹം മാത്രമാണ് അതിന്റെ മതമെന്നും എഴുത്തുകാരന്‍ ടി പത്മനാഭന്‍. ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന പ്രതിമാസ കലാ-സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി നടന്ന ഉമ്പായി അനുസ്മരണ പരിപാടിയും ഗസല്‍ സന്ധ്യയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹവും സ്‌നേഹഭംഗവും വിരഹദുഃഖവുമാണ് ഗസല്‍ സംഗീതത്തിന്റെ അന്തര്‍ധാര. സ്‌നേഹത്തിലൂടെ ആത്മാവിനെ തൊട്ടുണര്‍ത്തുന്നതാണ് ഗസല്‍ സംഗീത ധാരയെന്നും അദ്ദേഹം പറഞ്ഞു. പകയും വിദ്വേഷവും ഒരിക്കലും സംഗീതത്തിന് ചേര്‍ന്നതല്ല.

പ്രശസ്തമായ കല്യാണ്‍ രാഗമടക്കം നിരവധി അനശ്വര രാഗങ്ങള്‍ ചിട്ടപ്പെടുത്തിയ മഹാനായ ഗസല്‍ സംഗീതജ്ഞനായിരുന്നു അമീര്‍ ഖുസ്രു. എന്നാല്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ രാഗങ്ങള്‍ കച്ചേരികളില്‍ ആലപിക്കാന്‍ ഉത്തരേന്ത്യന്‍ മേല്‍ജാതിക്കാര്‍ വിസമ്മതിച്ച ഒരു കാലമുണ്ടായിരുന്നതായും അദ്ദേഹം അനുസ്മരിച്ചു. കോഴിക്കോട്ടും കൊച്ചിയിലും ഹിന്ദുസ്ഥാനി സംഗീതത്തെ കീശയില്‍ നിന്ന് കാശെടുത്ത് വളര്‍ത്തിയത് മുസ്ലിംകളായിരുന്നു. ദേശീയോദ്ഗ്രഥനത്തിനായി പ്രവര്‍ത്തിക്കേണ്ട ഭരണകൂടങ്ങള്‍ പോലും അത് തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇക്കാലത്ത് മനുഷ്യ മനസ്സുകളെ ചേര്‍ത്തുനിര്‍ത്താന്‍ സംഗീതത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ സര്‍വ്വകലാശാല ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണച്ചടങ്ങില്‍ രാഖി ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ ഗസല്‍ സന്ധ്യയും അരങ്ങേറി. ഇവരോടൊപ്പം തബല നബാറൂൺ കുമാർ ദത്ത,
പുല്ലാങ്കുഴൽ റിസൺ, കീബോർഡ് രജിത്ത് ജോർജ്, ഗിത്താർ പി വി സുബിൻ എന്നിവർ പങ്കെടുത്തു.
ഇതോടെ കലാ-സാംസ്‌ക്കാരിക രംഗത്ത് പുത്തനുണര്‍വ്വ് പകരാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ കലാ-സാംസ്‌ക്കാരിക പരിപാടികള്‍ക്ക് തുടക്കമായി. ഡിടിപിസി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

എല്ലാ മാസവും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത കലാ-സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. ജില്ലയുടെ മഹത്തായ കലാസാംസ്‌ക്കാരിക പാരമ്പര്യത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പരിപാടികള്‍. ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ ജില്ലാ കേന്ദ്രത്തില്‍ മാത്രം ഒതുങ്ങാതെ മറ്റു പ്രധാന നഗരങ്ങളിലും സംഘടിപ്പിക്കും. മലബാര്‍ മഹോല്‍സവത്തിന്റെ മാതൃകയില്‍ വിപുലമായ രീതിയില്‍ കണ്ണൂര്‍ ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു

NO COMMENTS