സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ മസ്റ്ററിംഗ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതം

14

കാസറകോട് : വിവിധ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്തണം എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവ- അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിങ്ങ് നടത്തണം എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ശരിയല്ല. മസ്റ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കു മുമ്പ് പൂര്‍ത്തിയായിരുന്നു. അക്ഷയ കേന്ദ്രങ്ങളില്‍ പോയി മസ്റ്ററിംഗ് നടത്തണമെന്ന നിര്‍ദ്ദേശം ഔദ്യോഗികമായി നല്‍കിയിട്ടില്ല. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.

കോവിഡിന്റെ സാഹചര്യത്തില്‍ അനിയന്ത്രിതമായ ആള്‍ക്കൂട്ടങ്ങള്‍ അക്ഷയ കേന്ദ്രത്തില്‍ അനുവദിക്കില്ല. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിരിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും ഡയറക്ടര്‍ അറിയിച്ചു.

NO COMMENTS