കത്തികുത്ത്,ബോംബേറ്,വെട്ട്, നിരോധനാജ്ഞ ; കേരളജനത ഭയപ്പാടിലേക്ക്.

239

കണ്ണൂര്‍:മഞ്ചേശ്വരത്ത് കത്തി കുത്ത്,കണ്ണൂരില്‍ ബോംബേറ്തലശേരിയില്‍ നിരോധനാജ്ഞ, പാലക്കാട്ട് വെട്ട്, കേരളജനത ഭയപ്പാടിലേക്ക്.കണ്ണൂര്‍ ജില്ലയില്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ പാടില്ലെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന സമാധാന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്.
അക്രമ സംഭവങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ തലശേരിയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശേരി, ന്യൂ മാഹി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ. സിപിഎം, ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ തലശേരിയില്‍ ആക്രമണമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ പ്രകടനം നടത്തി. പ്രകടനത്തിനിടെ കല്ലേറുണ്ടായി. ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.

ജില്ലയില്‍ മാത്രം 34 പേരെ കരുതല്‍ തടങ്കലിലാക്കി. കണ്ണൂരിലെ കൊളശേരിയില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് വേരെ ബോംബേറുണ്ടായി. വീടുകള്‍ക്ക്് കേടുപാടുകള്‍ സംഭവിച്ചു.
അതിനിടെ മഞ്ചേശ്വരം ബന്ദിയോട് യുവാവിന് കുത്തേറ്റു. ഇച്ചിലങ്കോട് സ്വദേശി മുഹമ്മദ് റഫീഖിനാണ് കുത്തേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് മുഹമ്മദ് മൊഴി നല്‍കി. ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാട് ചെര്‍പ്പുളശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുറ്റക്കോട് പൂന്തോട്ടത്തില്‍ ഷബീറലിക്ക് വെട്ടേറ്റു. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഷബീറലിയെ ആക്രമിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഹര്‍ത്താല്‍ സംബന്ധിച്ച തര്‍ക്കമാണോ ആക്രമണത്തിന് കാരണമെന്ന് വ്യക്തമല്ല. ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസുകളില്‍ പാലക്കാട് ഇതുവരെ 510 പേര്‍ അറസ്റ്റിലായി.
അതിനിടെ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച്‌ ഗവര്‍ണര്‍ പി സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സ്ഥിതിഗതികള്‍ ഗവര്‍ണറെ ധരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്.

NO COMMENTS