വാഹന നികുതി അടക്കാതെ പ്രവേശിച്ച മിനി ബസിന് 1,23,000 രൂപ പിഴ

208

കാസര്‍കോട് : കേരള വാഹന നികുതിയടക്കാതെ സംസ്ഥാനത്ത് പ്രവേശിച്ച കര്‍ണാടക രജിസ്‌ട്രേഷനിലുള്ള മിനി ബസിന് കാസര്‍കോട് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോര്‍സ്‌മെന്റ് വിഭാഗം 1,23,000 രൂപ പിഴ ഈടാക്കി. ഈ മാസം 11 ന് മഞ്ചേശ്വരം ചെക്‌പോസ്റ്റ് വെട്ടിച്ച് കേരളത്തില്‍ പ്രവേശിച്ച കെഎ 01 എഡി 1065 നമ്പര്‍ ഓള്‍ ഇന്ത്യാ പെര്‍മിറ്റ് മിനി ബസാണ് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോര്‍സ്‌മെന്റ് ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കത്തില്‍ പിടിയിലായത്.

കര്‍ണാടക ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ കേരളത്തില്‍ പ്രവേശിക്കുമ്പോള്‍ ചെക് പോസ്‌ററില്‍ കേരള നികുതി/ പെര്‍മിറ്റ് എടുത്ത് വേണം അകത്ത് പ്രവേശിക്കാന്‍. 21 സീറ്റുള്ള ഈ വാഹനം 20 യാത്രക്കാര്‍ക്ക് സഞ്ചരിക്കുന്നതിന് നികുതി അടക്കേണ്ടിയിരുന്നു. വാഹന പരിശോധനയിലുണ്ടായിരുന്ന എം.വി.ഐ:ടി.വൈകുണ്ഠന്‍, എ.എം.വി.ഐ: ഗണേശന്‍, ഡ്രൈവര്‍ മനോജ്കുമാര്‍ എന്നിവരുടെ സംഘമാണ് വിദഗ്ധമായി വാഹനം ബേക്കലിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപത്ത് നിന്നും കസ്റ്റഡിയിലെടുത്ത് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചത്.

യാത്രക്കാരെല്ലാവരും ഹോട്ടലിനകത്തായിരുന്നു. അവര്‍ക്ക് മറ്റൊരു വാഹനം ഏര്‍പ്പാട് ചെയ്ത് കൊടുക്കാമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ഹോട്ടലിന്റെ തന്നെ മറ്റു വാഹനങ്ങള്‍ ഉണ്ട് എന്നതിനാല്‍ നിരസിച്ചു. വാഹനത്തിന് ടാക്‌സും ഫൈനും ഇനത്തില്‍ 1,23,000 രൂപ പിഴയിടാക്കി. ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതോടൊപ്പം കര്‍ശനമായ പരിശോധന ഈ വിഷയത്തില്‍ ഉണ്ടാകുമെന്ന് ആര്‍.ടി.ഒ:എസ് മനോജ് അറിയിച്ചു.

NO COMMENTS