ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് തയ്യാറെടുപ്പാരംഭിക്കാന്‍ സംസ്ഥാന ചീഫ‌്സെക്രട്ടറിമാര്‍ക്ക‌് കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷന്റെ കത്ത‌്.

153

ന്യൂഡല്‍ഹി: ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശ‌്, അരുണാചല്‍, ഒഡിഷ, സിക്കിം സംസ്ഥാനങ്ങളിലേയ‌്ക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. നിലവില്‍ ഗവര്‍ണര്‍ ഭരണത്തിലുള്ള ജമ്മു–കശ‌്മീരില്‍ ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പുനടക്കില്ല. കശ‌്മീരില്‍ ആറുമാസത്തെ ഗവര്‍ണര്‍ ഭരണം മെയ‌് 21 ന‌് അവസാനിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ‌് നടക്കില്ലെന്ന‌് ഉറപ്പായ സാഹചര്യത്തില്‍ കശ‌്മീരില്‍ ഗവര്‍ണര്‍ ഭരണം നീളും.തെരഞ്ഞെടുപ്പ‌് ഡ്യൂട്ടികള്‍ക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെയും പൊലീസ‌് ഉദ്യോഗസ്ഥരുടെയും മറ്റും സ്ഥലമാറ്റ നടപടികള്‍ ഫെബ്രുവരി 28 നകം പൂര്‍ത്തീകരിക്കണം. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥനുമായി ആലോചിച്ചുവേണം സ്ഥലംമാറ്റം. ഉയര്‍ന്ന ഉദ്യോഗസ്ഥരെയും പൊലീസ‌് ഉദ്യോഗസ്ഥരെയും മാതൃജില്ലകളില്‍ ഡ്യൂട്ടിക്ക‌് നിയോഗിക്കരുത‌്. ഒരേ ജില്ലയില്‍ മൂന്നുവര്‍ഷം സേവനം അനുഷ‌്ഠിച്ചവരെയും 2019 മെയ‌് 31 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷം ഒരേ സ്ഥലത്ത‌് പൂര്‍ത്തിയാക്കുന്നവരെയും മാറ്റണം.

ഡിഇ, ഡെപ്യൂട്ടി ഡിഇ, റിട്ടേണിങ‌് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാരായ എഡിഎം, എസ‌്ഡിഎം, ഡെപ്യൂട്ടി കലക്ടര്‍, തഹസീല്‍ദാര്‍, ബിഡിഒ, റേഞ്ച‌് ഐജി, ഡിഐജി, എസ‌്‌എസ‌്പി, എസ‌്പി, എഎസ‌്പി, ഇന്‍സ‌്പെക്ടര്‍, സബ‌്‌ഇന്‍സ‌്പെക്ടര്‍ തുടങ്ങിയവര്‍ക്ക‌് മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. ക്രിമിനല്‍ കേസ‌് ഉള്ളവരെ നിയോഗിക്കരുത‌്. കമീഷന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച‌് ഒരുക്കങ്ങള്‍ വിലയിരുത്തുകയാണ‌്.മാര്‍ച്ച‌് ആദ്യവാരം തെരഞ്ഞെടുപ്പ‌് പ്രഖ്യാപിക്കുമെന്നാണ‌് സൂചന. വിവിധ ഘട്ടങ്ങളിലായി ഏപ്രില്‍– മെയ‌് കാലയളവിലാകും തെരഞ്ഞെടുപ്പ‌്.

NO COMMENTS