ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനുള്ള വേദിയാകണം നിയമസഭ : മുഖ്യമന്ത്രി

11

ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനുള്ള സമരവേദിയാകണം നിയമസഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭാംഗങ്ങൾ തമ്മിൽ കൂട്ടായ്മയുണ്ടാകണം. വികസനത്തിനും നവകേരള നിർമിതിക്കും കൂട്ടായ ഇടപെടലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ സാമാജികർക്കായി കെ-ലാംപ്സ് (പാർലമെൻററി സ്റ്റഡീസ്) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ ആഗ്രഹങ്ങളാകണം സഭയിൽ പ്രതിഫലിപ്പിക്കേണ്ടത്, നിക്ഷിപ്ത താത്പര്യങ്ങളാകരുത്. ജനതാത്പര്യം അവതരിപ്പിക്കുന്നതിൽ വിട്ടുവീഴ്ചയുമുണ്ടാകരുത്.

സാമാജികർ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരാണെങ്കിലും നിയമസഭാ ചട്ടങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. നിയമസഭാ രേഖകൾ ആധികാരികരേഖകളാണെന്നതിനാൽ സഭയിൽ പറയുന്ന കാര്യങ്ങളുടെ ആധികാരിക ഉറപ്പാക്കേണ്ടേ ബാധ്യത അംഗങ്ങൾക്കുണ്ട്. തങ്ങളുടെ മുന്നിൽവരുന്ന വിഷയങ്ങൾ ഗവേഷകന്റെ താത്പര്യത്തോടെ അംഗങ്ങൾ സമീപിക്കണം. രാഷ്ട്രീയപ്രസംഗം കവലയിൽ നടത്തുംപോലെയല്ല, കൃത്യമായ ഗൃഹപാഠത്തിന്റെ അടിസ്ഥാനത്തിൽ വിഷയവുമായി ബന്ധപ്പെട്ട ഓരോ വശങ്ങളും പരിശോധിച്ചാകണം സംസാരിക്കേണ്ടത്. ഇതിനായി സമയം കണ്ടെത്തേണ്ടത് അംഗങ്ങളുടെ ഉത്തരവാദിത്തമാണ്. അംഗങ്ങൾ നിയമസഭാ ലൈബ്രറി പൂർണതോതിൽ ഉപയോഗപ്പെടുത്തണം. എപ്പോഴും അറിവ് നേടിയെടുക്കാനുള്ള താത്പര്യം വേണം.

സഭയിൽ സമയക്ലിപ്തത പാലിക്കേണ്ടത് പ്രധാനമാണ് എന്നതുപോലെ ഹാജരായിരിക്കുമ്പോൾ സജീവവു മായിരിക്കണം. മാധ്യമശ്രദ്ധയ്ക്കുവേണ്ടി മാത്രമല്ല, ആഴത്തിൽ വിഷയത്തിലേക്ക് കടക്കാനുള്ള ആത്മാർഥത എല്ലാവർക്കും ഉണ്ടാകണം. വികസന, ക്ഷേമ പ്രവർത്തനങ്ങളിലും കൃത്യമായ ശ്രദ്ധയും തുടർനടപടികളും വേണം. സബ്ജക്ട് കമ്മിറ്റികളിലും സെലക്ട് കമ്മിറ്റികളിലും പങ്കാളിത്തം ഉറപ്പാക്കണം.

നിയമനിർമാണത്തിൽ അംഗങ്ങളുടെ വ്യക്തമായ പങ്കുണ്ടാകുക എന്നാൽ നാടിന്റെ ഭാവി തിരുത്തിക്കുന്നതിൽ അവരുടെ ഇടപെടലുണ്ടായി എന്നാണ്. സഭാംഗങ്ങൾ സഭയ്ക്ക് അകത്തും പുറത്തും മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. ജനപക്ഷ നിയമനിർമാണങ്ങളുടെ സുദീർഘ ചരിത്രമുള്ള നിയമസഭയാണിതെന്ന് അദ്ദേഹം പറഞ്ഞു. നിയമനിർമാണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പരിശീലനം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. നവംബർ ഒന്നോടെ കടലാസുരഹിത നിയമസഭയാക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി ഇ-നിയമസഭയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ-ലാംപ്സിന്റെയും നിയമസഭാലൈബ്രറിയുടെയും പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാത്ത വിഷയങ്ങൾ സഭയുടെ മുന്നിലെത്തിക്കാൻ സാമാജികർ ശ്രദ്ധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.

മന്ത്രിമാരായ കെ. രാജൻ, കെ. രാധാകൃഷ്ണൻ, ഗവ: ചീഫ് വിപ്പ് എൻ. ജയരാജ്, ഡോ: എം.കെ. മുനീർ എം.എൽ.എ എന്നിവർ ആശംസകൾ നേർന്നു. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ നന്ദി പറഞ്ഞു.

NO COMMENTS