വികസനവിഷയങ്ങള്‍ മുന്നോട്ടുവച്ച‌് എല്‍ഡിഎഫ‌് പ്രചാരണത്തില്‍ ബഹുദൂരം മുന്നിൽ .

146

തിരുവനന്തപുരം : ഒറ്റക്കെട്ടായ സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക‌് എല്‍ഡിഎഫ‌് കടന്നു. രാഷ്ട്രീയ, വികസനവിഷയങ്ങള്‍ മുന്നോട്ടുവച്ച‌് എല്‍ഡിഎഫ‌് പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ‌്. എല്‍ഡിഎഫ‌് സ്ഥാനാര്‍ഥികള്‍ ജനങ്ങള്‍ക്കുമുന്നിലെത്തിയിട്ട‌് പത്ത‌് ദിവസത്തിലേറെയായി. പാര്‍ലമെന്റ‌്, അസംബ്ലി മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. മേഖലാ, ബൂത്ത‌് തല കണ്‍വന്‍ഷനുകള്‍ രണ്ട‌് ദിവസത്തിനകം പൂര്‍ണമാവും.

എല്‍ഡിഎഫ‌് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പൊതുപര്യടനം 23ന‌് :

ഇക്കുറി മൂന്നുഘട്ടമായാണ‌് പര്യടനം. ബൂത്ത‌് അടിസ്ഥാനത്തിലുള്ള കുടുംബയോഗങ്ങളും ഉടന്‍ തുടങ്ങും. വോട്ടര്‍മാരെ നേരില്‍കണ്ട‌് സ്ഥാനാര്‍ഥികള്‍ മുന്നേറുകയാണിപ്പോള്‍. 20 മണ്ഡലം കണ്‍വന്‍ഷനുകളിലും വന്‍ജനപങ്കാളിത്തമായിരുന്നു. സ‌്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ‌്. ദേശീയ രാഷ്ട്രീയ വിഷയങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളിലെ വ്യത്യാസവും വിശദീകരിച്ചാണ‌് പ്രചാരണം.

ബിജെപിക്കും കോണ്‍ഗ്രസിനും എതിരായ രാഷ്ട്രീയ നിലപാടിനും, ഇടതുപക്ഷം എന്തുകൊണ്ട‌് നിര്‍ണായക ശക്തിയാകണമെന്ന‌് സ്ഥാപിക്കുന്ന വാദമുഖങ്ങള്‍ക്കും ജനങ്ങളില്‍ വന്‍സ്വീകാര്യതയാണ‌് ലഭിക്കുന്നതെന്ന‌് എല്‍ഡിഎഫ‌് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ ഇടതുപക്ഷ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും പ്രചാരണ രംഗത്ത‌് സജീവമാകും. എല്ലാ മണ്ഡലങ്ങളിലെയും പ്രവര്‍ത്തനാവലോകം മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുന്നു.

NO COMMENTS