ചിറ്റാരിക്കാല്‍ ബൈപാസ് റോഡിന്റെ ഉദ്ഘാടനം നാളെ

126

കാസറകോട് : മലയോര ജനതയുടെ ചിരകാല സ്വപ്നമായി ചിറ്റാരിക്കാല്‍ ബൈപാസ് റോഡിന്റെ ഉദ്ഘാടനം മാര്‍ച്ച് ഏഴിന് എം രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. പഞ്ചായത്തിന്റെ ഐഎസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ഔദ്യോഗിക പ്രഖ്യാപനവും പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നൊരുക്കിയ കുട്ടികള്‍ക്കായുള്ള ഉദ്യാനത്തിന്റെ ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കും. ഈസ്റ്റ്-എളേരി പഞ്ചായത്തിന്റെ വികസനങ്ങള്‍ക്കായി കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 174 കോടി രൂപ അനുവദിച്ച എം. രാജഗോപാലന്‍ എം.എല്‍.എ.യ്ക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ചടങ്ങില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ടോം അധ്യക്ഷയാകും.

ചിറ്റാരിക്കാല്‍ ബൈപാസ്

കണ്ണൂര്‍ -കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചിറ്റാരിക്കാല്‍ -ചെറുപുഴ മലയോര ഹൈവെയോട് ചേര്‍ന്നാണ് ചിറ്റാരിക്കാല്‍ ബൈപാസ് നിര്‍മ്മിച്ചിരിക്കുന്നത്. ചിറ്റാരിക്കാല്‍ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എം രാജഗോപാലന്‍ എം എല്‍ എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപയാണ് ബൈപ്പാസിനായി അനുവദിച്ചത്. പാലവും കലുങ്കും 400 മീറ്റര്‍ റോഡും ചേര്‍ന്നതാണ് ബൈപാസ് റോഡ്. ചിറ്റാരിക്കാല്‍ ബസ് സ്റ്റാന്റിനു സമീപം കുരിശ്ശുപള്ളിക്ക് എതിരെനിന്ന് ടൗണിലേക്ക് കടക്കാതെ ചെറുപുഴ റോഡിലേക്ക് ബന്ധിപ്പിക്കുന്ന വിധമാണ് ബൈപാസ് തയ്യാറായിരിക്കുന്നത്. മലയോര ഹൈവെ നിര്‍മ്മാണം നടക്കുന്ന ഈ സമയത്ത് തന്നെ ബൈപാസ് നിര്‍മ്മാണം നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് പഞ്ചായത്ത് ഭരണസമിതിയുടെ നേട്ടമാണെന്നും ചിറ്റാരിക്കാല്‍ ടൗണിലെ ഗതാഗത കുരുക്കിന്റെ ശാശ്വത പരിഹാരമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ടോം പറഞ്ഞു.

ഐ എസ് ഒ അംഗീകരം നേടി ഈസ്റ്റ് എളേരി

നൂതന വികസന പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളിലെ വേഗതയുമായി മലയോര മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് ഈസ്റ്റ് എളേരി പഞ്ചായത്ത്. പഞ്ചായത്തുകള്‍ക്കേര്‍പ്പെടുത്തിയ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ഈസ്റ്റ് എളേരിക്ക് നവംബറില്‍ ലഭിച്ചെങ്കിലും ഐ.എസ.്ഒ യുടെ ഔദ്യോഗിക പ്രഖ്യാപനം എം. രാജഗോപാലന്‍ എം.എല്‍.എ മാര്‍ച്ച് ഏഴിന് നിര്‍വ്വഹിക്കും. 10.76 ലക്ഷം രൂപ ചിലവഴിച്ചാണ് ഐ.എസ്.ഒ യ്ക്കായി പഞ്ചായത്ത് ഓഫീസ് സജ്ജമാക്കിയത്. ഫ്രണ്ട് ഓഫീസ്, റെക്കോര്‍ഡ് റൂം, കൃഷിഭവന്‍, കുടുംബശ്രീ ഓഫീസ്, ജലനിധി ഓഫീസ്, പഞ്ചായത്ത് എന്‍ജിനീയറിങ് സെഷന്‍ ഓഫീസ്, ലീഗല്‍ ഓഫീസ്, ഗ്രാമസേവകര്‍ക്കുള്ള ഓഫീസ്, പഞ്ചായത്ത് ലൈബ്രറി തുടങ്ങിയവെയ്െക്കാപ്പം ഭിന്നശേഷിക്കാര്‍ക്കുള്ള റാമ്പ്, ഉദ്യോഗസ്ഥര്‍ക്കായി ഭക്ഷണമുറി, മുലയൂട്ടല്‍ കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസിലെത്തുന്നവര്‍ക്കായി ശുദ്ധജലം ഇരിപ്പിടങ്ങള്‍ തുടങ്ങിയവയും പഞ്ചായത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ശിശുസൗഹൃദ പഞ്ചായത്ത്

കൂട്ടികളുമായി ഈസ്റ്റ് എളേരി പഞ്ചായത്തിലെത്തുന്ന മാതാപിതാക്കള്‍ക്ക് ഇനി ടെന്‍ഷന്റെ ആവശ്യമില്ല. പഞ്ചായത്ത് ഓഫീസിനു സമീപത്തായി കുട്ടികള്‍ക്കായി ‘ഡാഫോഡില്‍സ്’ എന്ന് പേരിട്ട പാര്‍ക്കും ഭരണസമിതി ഒരുക്കിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ ചിലവിട്ടാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പൂല്‍ത്തടികി വിരിച്ച പാര്‍ക്കില്‍ കൂട്ടികള്‍ക്ക് കളിക്കാനായി ഊഞ്ഞാലും സീസോയും വിവിധ കോണ്‍ക്രീറ്റ് നിര്‍മ്മിതികളുമൊക്കെ തയ്യാറാണ്. 2019-20 വാര്‍ഷിക പദ്ധതിയില്‍ പഞ്ചായത്തില്‍ കുട്ടികള്‍ക്കായി ഒരു പാര്‍ക്ക് നിര്‍മ്മിക്കണമെന്ന് സര്‍ക്കര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പാര്‍ക്ക് തയ്യാറാക്കിയത്.

പഞ്ചായത്തിലെ അങ്കണവാടിയിലാണ് പാര്‍ക്ക് നിര്‍മ്മിക്കാനാണ് ആദ്യം ഉദ്ദേശിച്ചെതെങ്കിലും സ്ഥല പരിമിതി പ്രശ്നമായതോടെ ഈ ആശയം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ തന്നെ ഭരണസമിതി നടപ്പാക്കുകയായിരുന്നു. കുട്ടികള്‍ക്കായുള്ള ഉദ്യാനംകൂടി ഉദ്ഘാടനം ചെയ്യുന്നതോടെ പഞ്ചായത്ത് ഓഫീസ് കൂടുതല്‍ ശിശുസൗഹൃദമാവുകയാണ്

NO COMMENTS